ഫുട്‌ബോളിന്റെ അടുത്ത വലിയ വിപണിയായി ഇന്ത്യ മാറും : അൽ തവാദി
ദോഹ : ഫുട്‌ബോളിന്റെ അടുത്ത വലിയ വിപണിയായി ഇന്ത്യമാറുമെന്ന് ഖത്തർ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിസെക്രട്ടറി ജനറൽ ഹസ്സൻ അൽ തവാദി പറഞ്ഞു. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിന്റെ വിജയവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. മത്സരം കാണാനെത്തിയവരുടെ എണ്ണത്തിൽ റെക്കോഡ് നേട്ടമാണ് ഇന്ത്യ കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2022 ഫിഫ ലോകകപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രമോഷൻ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് ഇന്ത്യയുമായുള്ള ചർച്ച നടക്കുകയാണ്. വർഷങ്ങളായിട്ടുള്ള ബന്ധമാണ് ഇന്ത്യയും ഖത്തറും തമ്മിൽ. ഫുട്‌ബോളിനായുള്ള ഇന്ത്യൻ വിപണി വളരെ വലുതാണെന്നും അത് അവഗണിക്കാൻ കഴിയില്ലെന്നും അൽതവാദി പറഞ്ഞു.
നിരവധി പ്രമോഷണൽ ഘടകങ്ങളും അവസരങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്യുന്നുണ്ടെന്നും ഇതിലൂടെ ഇന്ത്യൻ വിപണിയുടെ പ്രയോജനം സ്വന്തമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് തലങ്ങളിൽ പദ്ധതികൾ നടപ്പാക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. 2018−ലെ റഷ്യൻ ലോകകപ്പ് കഴിയുന്നതോടെ 2022 ലോകകപ്പിന്റെ പ്രമോഷണൽ പ്രവർത്തനങ്ങൾ തുടങ്ങും. ഇന്ത്യയിൽ നിരവധിപ്രമോഷണൽ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.
2022 ലോകകപ്പ് ടൂർണമെന്റിലൂടെ ഇന്ത്യക്ക് മികച്ച സാന്പത്തിക നേട്ടം കൈവരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ലാഴ്‌സൺ ആൻഡ് ടുബ്രോ (എൽ ആൻഡ് ടി) ലോകകപ്പ് പദ്ധതികൾക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. നിരവധി ഉപകരാറുകൾക്കുള്ള അവസ രങ്ങളുമുണ്ട്. അടുത്ത കായികസാങ്കേതികവിദ്യയുടെ കേന്ദ്രമായി മാറാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.


