സൗദിയിൽ വിദേശ തൊഴിലാളികളുടെ എണ്ണം വൻതോതിൽ കുറയുന്നു
റിയാദ് : സൗദി അറേബ്യയിൽ വിദേശി തൊഴിലാളികളുടെ എണ്ണം വൻ തോതിൽ കുറയുന്നതായി റിപ്പോർട്ട്. സ്വദേശിവൽക്കരണ നടപടികൾക്ക് പുറമെ ആശ്രിത ലെവി കൂടി ഏർപ്പെടുത്തിയതോടെയാണ് വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചിരിക്കുന്നത്. ആശ്രിത ലെവി പ്രാബല്യത്തിൽ വന്നതിനു ശേഷം തൊഴിൽ മേഖലയിൽ വിദേശ വനിതകളുടെ എണ്ണം കുറഞ്ഞു.
പുതുതായി ജോലിയിൽ പ്രവേശിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം രാജ്യത്ത് വൻതോതിൽ കുറയുന്നതായി ഇത് സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. ഈ വർഷം രണ്ടാം പാദത്തിൽ മാത്രം 1,61,500 വിദേശ തൊഴിലാളികൾ കുറഞ്ഞു. ആശ്രിത വിസയിൽ ഉള്ളവർക്ക് പുതിയ ലെവി പ്രാബല്യത്തിൽ വന്നതിനു ശേഷം വിദേശ വനിതകൾ വൻ തോതിൽ തിരിച്ചു പോകാൻ തുടങ്ങിയതായും, അതുകൊണ്ട് തന്നെ വിദേശ വനിതാ തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായും ജദ് വ ഇൻവെസ്റ്റ്‌മെന്റ് കന്പനി പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
അതേസമയം ഈ കാലയളവിൽ സ്വകാര്യ മേഖലയിൽ 28,900 സൗദി ജീവനക്കാർ വർദ്‍ധിച്ചു. ഇതിൽ നാൽപ്പത് ശതമാനവും സൗദി വനിതകളാണ്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ 16 ശതമാനം കുറഞ്ഞു.
ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടയിൽ ജോലി ലഭിച്ചത് 92,300 സൗദികൾക്കാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ ജോലി ലഭിച്ചത് 52,000 പേർക്ക് മാത്രമായിരുന്നു. അടുത്ത ജൂൺ മാസത്തിൽ വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതോടെ കൂടുതൽ സൗദി വനിതകൾ തൊഴിൽമേഖലയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കു ന്നത്.
അതേസമയം ധനകാര്യം, വാണിജ്യം, വ്യവസായം, സേവനം എന്നീ മേഖലകളിൽ പൂർണമായും സൗദിവൽക്കരണം കൊണ്ടു വരാനാണ് നീക്കമെന്ന് തൊഴിൽ മന്ത്രി അലി അൽ ഗഫീസ് പറഞ്ഞു. സ്വദേശിവൽക്കരണത്തിന്റെ തോത് ഓരോ ആഴ്ചയിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഷോപ്പിംഗ് മാളുകളിൽ സ്വദേശിവൽക്കരണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചതായും തൊഴിൽമന്ത്രി അറിയിച്ചു.


