ഏറ്റവും സുരക്ഷിതമായ ലോകകപ്പിന് ഖത്തർ വേദിയാകും : അൽ തവാദി
ദോഹ : ഏറ്റവും സുരക്ഷിതമായ ലോകകപ്പ് ടൂർണമെന്റിനാകും 2022ൽ രാജ്യം ആതിഥേയത്വം വഹിക്കുമെന്ന് സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസ്സൻ അൽ തവാദി. സെയ്ന്റ് റീഗസ് ഹോട്ടലിൽ ആരംഭിച്ച പ്രഥമ അന്താരാഷ്ട്ര സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസ്സർ ബിൻ ഖലീഫ അൽതാനിയാണ് സുരക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തിന്റെ ഭാഗമായി പ്രൊജക്ട് േസ്റ്റഡിയയുടെ വിവരവിനിമയ സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
വിവരങ്ങളും അറിവുകളും പങ്കുവെച്ചുകൊണ്ട് ദേശീയ, അന്തർദേശീയ പങ്കാളികളുടെ സഹകരണത്തോടെയും ഫലപ്രദമായ നിയമങ്ങൾ നടപ്പാക്കിയും ഏറ്റവും സുരക്ഷിതമായ ലോകകപ്പാകും ലോകത്തിന് സമ്മാനിക്കുകയെന്നും അൽതവാദി പറഞ്ഞു. സുരക്ഷയുടെ കാര്യത്തിൽ ലോക പ്രശസ്തമാണ് ഖത്തർ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് ആൻഡ് ഇക്കണോമിക്സിന്റെ ആഗോള സമാധാന സൂചികാ റിപ്പോർട്ട് പ്രകാരം മധ്യപൂർവ്വ വടക്കൻ ആഫ്രിക്കൻ (മിന) മേഖലയിലെ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷയുടെ കാര്യത്തിലെ റെക്കോഡ് മേഖലയ്ക്കും അപ്പുറത്തേക്ക് എത്തിയതായി അൽ തവാദി പറഞ്ഞു. ലോക സാന്പത്തിക ഫോറത്തിന്റെ യാത്രാ−ടൂറിസം മത്സരക്ഷമതാ റിപ്പോർട്ടിലും സുരക്ഷാ−മുൻ കരുതൽ നടപടികളിൽ ലോകത്തിലെ പത്ത് രാജ്യങ്ങളിലൊന്ന് ഖത്തറാണ്.
2022 ഫിഫ ലോകകപ്പിന്റെ സുരക്ഷ ഇന്റർപോളിന്റെയും പ്രൊജക്ട് േസ്റ്റഡിയയുടേയും പങ്കാളിത്തത്തോടെയാണ് നടപ്പാക്കുകയെന്നും അൽ തവാദി പറഞ്ഞു. 2022 ലെ സുരക്ഷാകാര്യങ്ങൾ കൂടാതെ ഇന്റർ പോളിലെ അംഗരാജ്യങ്ങൾക്ക് വൻകിട കായിക പരിപാടികൾ സുരക്ഷിതമായി നടത്താൻ സഹായിക്കുന്നതിനുള്ള സെന്റർ ഓഫ് എക്സലൻസ് ഇന്റർപോളുമായി സഹകരിച്ച് നിർമ്മിക്കാനും പദ്ധതിയുണ്ടെന്നുംഅൽ തവാദി പറഞ്ഞു.


