യു.എൻ പൊതുസഭയിലെ നെതന്യാഹുവിന്റെ പരാമർശം അടിസ്ഥാനരഹിതം: ഇസ്രായേലിന് രൂക്ഷമറുപടിയുമായി ഖത്തർ
ശാരിക
ദോഹ: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തറിനെതിരെ നടത്തിയത് യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ആരോപണങ്ങളാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേലിനെതിരെ ആഗോളതലത്തിൽ പൊതുജനവികാരം വളർത്താൻ ഖത്തർ പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ വാദം ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് അൽ അൻസാരി പൂർണ്ണമായും തള്ളി.
ഫലസ്തീൻ മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ക്രൂരതകളിൽ നിന്നും മാനുഷിക ദുരന്തങ്ങളിൽ നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങളിലൂടെ നെതന്യാഹു ശ്രമിക്കുന്നത്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഇസ്രായേലിനെതിരെ ഉണ്ടാകുന്ന അമർഷം ഖത്തറിന്റെ സ്വാധീനം മൂലമാണെന്ന വാദം തെറ്റാണ്. തത്സമയം കാര്യങ്ങൾ കണ്ടറിയുന്ന പുതിയ തലമുറ, യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വന്തം നിലപാടുകൾ രൂപീകരിക്കുന്നത്. രാജ്യത്തെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് മാറണമെങ്കിൽ വിദേശ രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം ഇസ്രായേൽ സ്വന്തം നയങ്ങൾ തിരുത്തുകയും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുകയും വേണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.
ഖത്തറും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രായേലിനും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ കോടികൾ ചെലവഴിക്കുന്നുവെന്നായിരുന്നു യു.എൻ പൊതുസഭയിലെ പ്രസംഗത്തിൽ നെതന്യാഹു ആരോപിച്ചത്. ഹമാസ് നേതാക്കൾക്ക് അഭയം നൽകുന്നുവെന്ന ആരോപണവും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെതിരെയുള്ള പരാമർശങ്ങളും ഇതിന്റെ ഭാഗമായി നെതന്യാഹു ഉന്നയിച്ചിരുന്നു.
sdfsdf

