ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ധീരസൈനികർക്ക് ഖത്തർ വിടനൽകി; ജനാസ നമസ്കാരത്തിൽ അമീർ പങ്കെടുത്തു
പ്രദീപ് പുറവങ്കര
ദോഹ: ഖത്തർ സായുധ സേനയുടെ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് രാജ്യം കണ്ണീരോടെ വിടനൽകി. ഞായറാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ നടന്ന ജനാസ നമസ്കാരത്തിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നേതൃത്വം നൽകി.
ഖത്തറിന്റെ സമുദ്രപരിധിയിൽ ദേശീയ ദൗത്യത്തിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികളുടെ ഖബറടക്ക ചടങ്ങുകളിലും അമീർ പങ്കുചേർന്നു.
ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഷെയ്ഖ് അബ്ദുള്ള ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽതാനി എന്നിവരും നമസ്കാരത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിം, വിവിധ മന്ത്രാലയങ്ങളിലെ മന്ത്രിമാർ, ശൈഖുമാർ എന്നിവരും സന്നിഹിതരായിരുന്നു.
തുർക്കി അംബാസഡർ ഡോ. മുസ്തഫ ഗോക്സു, ഖത്തർ സായുധ സേനയിലെയും ഖത്തർ-തുർക്കി സംയുക്ത സേനയിലെയും ഉന്നത ഉദ്യോഗസ്ഥർ, വൻതോതിൽ പൗരന്മാരും പ്രവാസികളും സൈനികർക്ക് അവസാനമായി ആദരമർപ്പിക്കാൻ എത്തിച്ചേർന്നു.
വിലാപയാത്രയിൽ രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്കൊപ്പം അമീർ പങ്കുചേർന്നു. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബങ്ങളെ അദ്ദേഹം നേരിൽ കണ്ട് അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
dfcdfxc



