പുകയില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്ക് സന്പൂർണ നിരോധനം ഏർപ്പെടുത്തി ഒമാൻ
മസ്കറ്റ് : പുകയില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്ക് ഒമാനിൽ സന്പൂർണ നിരോധനം ഏർപ്പെടുത്തി. വാർത്താ വിനിമയ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. സമൂഹ മാധ്യമങ്ങൾ, ഹോർഡിംഗുകൾ എന്നിവയിലുൾപ്പെടെ പുകയിലയുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും പരസ്യം പാടില്ലെന്ന് വാർത്താ വിനിമയ മന്ത്രി ഡോ. അബ്ദുൽ മുനീം അൽ ഹസനി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
25/84ാം നന്പർ പ്രസ് ആൻഡ് പബ്ലിക്കേഷൻ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകളിൽ പെടുന്ന 36ാം അനുച്ഛേദത്തിന്‍റെ ഭേദഗതിയായാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.
എല്ലാത്തരം മാധ്യമങ്ങളിലും പരസ്യങ്ങൾ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു നേരത്തേയുള്ള ഉത്തരവ്. പുകയില ഉപയോഗം കുറക്കുന്നതിനായുള്ള സർക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് പുകയില ഉൽപ്പന്നങ്ങൾ സന്പൂർണമായി നിയമം മൂലം നിരോധിച്ചത്. നിയമലംഘർക്കെതിരായ ശിക്ഷ സംബന്ധിച്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. പുകയില ഉൽപ്പന്നങ്ങളുടെ നികുതി 200 ശതമാനമായി ഉയർത്തുന്നത് ആലോചനയിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. നിലവിൽ 100 ശതമാനമാണ് നികുതി. പകർച്ചവ്യാധിയിതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ ആലോചന. അടുത്ത വർഷം വാറ്റ് കൂടി നടപ്പാക്കുന്നതോടെ പുകയില ഉൽപ്പന്നങ്ങളുടെ വില ഇനിയും വർദ്ധിക്കും.

