'ഇന്ത്യൻ ബുക്ക് ഫെസ്റ്റ് 2018' ഏപ്രിൽ 11 മുതൽ മസ്കറ്റിൽ
മസ്കറ്റ് : മസ്കറ്റിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ സോഷ്യൽ ക്ലബ്ബും നാഷണൽ ബുക്ക് ട്രസ്റ്റും ഒമാനിലെ പ്രശസ്ത പുസ്തക വിതരണക്കാരും ഡിസി ബുക്ക്സ് വിതരണക്കാരുമായ അൽബാജ് ബൂക്ക്സുമായി ചേർന്ന് ഇന്ത്യൻ ബുക്ക് ഫെസ്റ്റ് 2018 എന്ന പേരിൽ പുസ്തക പ്രദർശനം നടത്തുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ ഏപ്രിൽ 11 മുതൽ 14 വരെയാണ് പ്രദർശനം.
ഏപ്രിൽ 11ന് വൈകിട്ട് 7.30ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ. സതീഷ് നന്പ്യാരുടെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ അംബാസിഡർ ഇന്ദ്രമണി പാണ്ഡേ പ്രദർശനം ഉൽഘാടനം ചെയ്യും. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നന്പിനാരായണൻ മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങിൽ മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം തുടങ്ങി 12 ഭാഷകളിലുള്ള പുസ്തകങ്ങൾ പ്രദർശനത്തിൽ വിൽപ്പനക്കെത്തിക്കും. എല്ലാ ദിവസവും സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കായുള്ള ക്വിസ് പ്രോഗ്രാമുകൾ, പെയ്ന്റിംഗ് മത്സരങ്ങൾ, കവിതാ രചന, പ്രസംഗ മത്സരങ്ങൾ എന്നിവയും നടക്കും.
തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മുഖ്യാതിഥി നന്പിനാരായണനുമായി മുഖാമുഖം ചർച്ചയിൽ പങ്കെടുക്കും. ഒമാനിലെ മലയാളികൾ ഉൾപ്പെടെയുള്ള എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകൾക്കുള്ള അവസരവും ഉണ്ടാകും. വിവിധ സ്റ്റാളുകളിൽനിന്ന് പുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും വാങ്ങാനുള്ള അവസരവും ക്രമീകരിച്ചിട്ടണ്ട്.

