അളവിൽ കുറച്ച് ഇന്ധനം നൽകി തട്ടിപ്പ്: ഒമാനിൽ 17 പെട്രോൾ പമ്പുകൾ അടച്ചുപൂട്ടി
ശാരിക
മസ്കത്ത്: അളന്നതിനേക്കാൾ കുറഞ്ഞ അളവിൽ ഇന്ധനം വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് 17 പെട്രോൾ പമ്പുകൾ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം താൽക്കാലികമായി അടപ്പിച്ചു. ആദം മുതൽ ദോഫാർ വരെയുള്ള പ്രധാന പാതയിലെ 90-ഓളം ഇന്ധന വിതരണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്.
ഉപഭോക്താക്കൾക്ക് കൃത്യമായ അളവിൽ ഇന്ധനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും നിർദേശങ്ങൾ പാലിക്കാത്ത പമ്പുകളുടെ പ്രവർത്തനം പൂർണമായി തടയുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

