ഷാർജയിൽ കുട്ടികളുടെ വായനോത്സവം ഏപ്രിൽ 18 മുതൽ
ഷാർജ : ഷാർജയിൽ പതിനൊന്ന് ദിവസം നീളുന്ന കുട്ടികളുടെ വായനോത്സവം ഏപ്രിൽ 18ന് ആരംഭിക്കും. 18 രാജ്യങ്ങളിൽ നിന്നുള്ള 134 പ്രസാധകർ മേളയിലെത്തും. മേളയിൽ 2600 സാഹിത്യ സാംസ്കാരിക പരിപാടികൾ നടക്കും. 286 എഴുത്തുകാരും121 രാജ്യങ്ങളിൽ നിന്നുള്ള അതിഥികളും മേളയുടെ ഭാഗമാവുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് അൽഅമീരി ഷാർജയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിങ്ങളുടെ ഭാവി, ഒരു പുസ്തകം അകലെ എന്ന പ്രമേയത്തിൽ നടക്കുന്ന ഷാർജ ചിൽഡ്രൻസ് റീഡിംങ് ഫെസ്റ്റിവെലിൽ സിനിമ ടെലിവിഷൻ രംഗത്തുള്ള നിരവധി അറബ് പ്രമുഖരും പങ്കെടുക്കും.ഭാവി തലമുറയെ ശരിയായ രീതിയിൽ വാർത്തെടുക്കണമെന്ന ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനമാണ് മേളയുടെ പ്രചോദനമെന്ന് അഹമ്മദ് അൽ അമീരി പറഞ്ഞു.
ഷാർജ എക്സ്പോ സെന്ററിൽ ഏപ്രിൽ 28 വരെ നടക്കുന്ന വായനോത്സവത്തിൽ പ്രവേശനം സൗജന്യമാണ്. ഏറെ പുതുമകൾ ഇക്കുറി ആദ്യമായി ത്രിമാന പുസ്തകങ്ങളുടെ പ്രദർശനവും, ഫ്യൂച്ചർ മെഷീൻപ്രദർശനവും നടക്കും. ആർട്ടിഫിഷ്യൽ ഇന്റീലിജൻസ്, റോബോട്ടിക്സ് എന്നിവയുടെ അടിസ്ഥാന തത്വങ്ങളും, ശാസ്ത്ര സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ അറിവുകളും ഫ്യൂച്ചർ മെഷീൻ പ്രദർശനത്തിൽ കുട്ടികൾക്ക് മുന്നിലെത്തും. എട്ട് കാലഘട്ടങ്ങളിലെ പുസ്തകങ്ങളാണ് ത്രിമാന പ്രദർശനത്തിൽ നിരക്കുന്നത്.

