തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനൊരുങ്ങി ഒമാൻ
മസ്ക്കറ്റ് : തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ലക്ഷ്യമിട്ട് ജുഡീഷ്യൽ സംവിധാനം വികസിപ്പിക്കാനൊരുങ്ങി ഒമാൻ. നിലവിൽ ഒമാനിൽ ചില തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ 600 ദിവസങ്ങൾ വരെ വേണ്ടിവരുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ സംവിധാനം വികസിപ്പിക്കുക വഴി 200 ദിവസങ്ങൾക്കുള്ളിൽ തൊഴിൽ തർക്കങ്ങൾ തീർപ്പാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ സാന്പത്തിക മേഖല ശക്തിപ്പെടുത്താനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് നടപടി. തൊഴിൽ തർക്കങ്ങൾ കോടതിയിൽ എത്തിക്കുന്നതിന് മുന്പേ ചർച്ചകളിലൂടെ പരിഹരിക്കുവാനുള്ള സാധ്യതകൾ തൊഴിൽ മന്ത്രാലയം നേരിട്ട് ശ്രമിക്കും. ഇതിനായി നിസ്വയിലെ(nizwa) സുപ്രീം ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടിയ ന്യായാധിപന്മാരെയും പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങളെയും തൊഴിൽ വകുപ്പിൽ കൂടുതലായി നിയമിക്കാനാണ് തീരുമാനം.
തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുണ്ടാകുന്ന കാലതാമസവും തൊഴിൽ നിയമങ്ങളിലെ പൊരുത്തക്കേടുകളും രാജ്യത്തെ വ്യാപാര മേഖലയെ സാരമായി ബാധിച്ചിരുന്നു. അതാനാൽ തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പെട്ടന്ന് പരിഹാരം കാണുന്നത് തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും ഗുണപ്രദമാകും. കൂടാതെ തൊഴിൽ വിപണിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഇതുമൂലം കഴിയും.

