കണ്ണടയിലൂടെ ഇനി യു.പി.ഐ പേയ്‌മെന്റ് നടത്താം! പുതിയ ജിയോ എ.ഐ ഗ്ലാസുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ


ശാരിക

ന്യൂഡൽഹി: സ്മാർട്ട്ഫോണുകൾക്ക് അപ്പുറത്തേക്ക് നിർമിത ബുദ്ധി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റിലയൻസ് ജിയോ പുതിയ എ.ഐ അധിഷ്ഠിത സ്മാർട്ട് ഗ്ലാസുകളും ഓഡിയോ വെയറബിളുകളും അവതരിപ്പിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2026 വേദിയിലാണ് ജിയോയുടെ ഈ പുതിയ സാങ്കേതിക മുന്നേറ്റം ശ്രദ്ധ നേടിയത്. ഗ്ലാസിലൂടെ നേരിട്ട് യു.പി.ഐ പേയ്‌മെന്റ് നടത്താൻ സാധിക്കുന്ന സംവിധാനമാണ് ഇതിലെ ഏറ്റവും വലിയ ആകർഷണം. കാമറയുള്ള സ്മാർട്ട് ഗ്ലാസ് ധരിച്ച് കടകളിലെ ക്യു.ആർ കോഡിന് നേരെ നോക്കി പണം നൽകാൻ ആവശ്യപ്പെടുമ്പോൾ, എ.ഐ അസിസ്റ്റന്റ് ക്യു.ആർ സ്കാൻ ചെയ്ത് ഇടപാട് ആരംഭിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

ശബ്ദ നിർദേശം ലഭിച്ചാൽ സിസ്റ്റം ശബ്ദത്തിലൂടെ തന്നെ സ്ഥിരീകരണം ചോദിക്കുകയും, യു.പി.ഐ വിവരങ്ങൾ പരിശോധിച്ച ശേഷം പണം വ്യാപാരിക്ക് കൈമാറുകയും ചെയ്യും. എങ്കിലും, ഇടപാട് പരിധി, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെ കുറിച്ച് ജിയോ ഇതുവരെ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ലാത്തതിനാൽ ഇത് നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചറായി മാത്രമേ കാണാനാകൂ. എങ്കിലും ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകൾക്ക് ഇത് പുതിയൊരു ദിശാബോധം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജിയോ ഫ്രെയിംസ് എന്ന കാമറയുള്ള സ്മാർട്ട് ഗ്ലാസ് വഴി സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ തന്നെ എച്ച്.ഡി ക്ലാരിറ്റിയിൽ ഫോട്ടോയും വിഡിയോയും പകർത്താനും സോഷ്യൽ മീഡിയയിൽ തത്സമയം ലൈവ് ചെയ്യാനും സാധിക്കും. സൈൻ ബോർഡുകളും മെനു കാർഡുകളും നോക്കി തൽക്ഷണം വിവർത്തനം നേടാം. ഇന്ത്യയിലെ ഭാഷാ വൈവിധ്യം ഉൾക്കൊണ്ട് ജിയോയുടെ വോയ്‌സ് എ.ഐ 12 ഭാഷകളെ പിന്തുണയ്ക്കുന്നുണ്ട്.

ഇതിനുപുറമെ ഓപ്പൺ-ഇയർ ഓഡിയോ സാങ്കേതികവിദ്യയുള്ള ഓഡിയോ ഫ്രെയിമുകളും ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡ്‌സും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 'ഹലോ ജിയോ' എന്ന് നൽകുന്ന വോയ്‌സ് കമാൻഡിലൂടെ ഫോൺ എടുക്കാതെ തന്നെ കോളുകൾ ചെയ്യാനും പാട്ടുകൾ കേൾക്കാനും സാധിക്കും. വിദ്യാർഥികൾക്ക് പഠന സഹായിയായും, ആരോഗ്യ ടിപ്പുകൾ നൽകാനും, മീറ്റിങ്ങുകളും ടാസ്‌ക്കുകളും മാനേജ് ചെയ്യാനും ഈ ഗ്ലാസുകൾ സഹായിക്കും. ഉൽപ്പന്നങ്ങളുടെ വില, ലഭ്യത, സുരക്ഷ എന്നിവ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed