വായയിൽ സ്ക്രൂ കുടുങ്ങി രണ്ട് വയസുകാരൻ ; അടിയന്തര ശസ്ത്രക്രിയ രക്ഷയായി
പ്രദീപ് പുറവങ്കര
മനാമ: രണ്ടു വയസ്സുകാരനായ കാമറൂൺ സ്വദേശിയുടെ വായയിൽ കുടുങ്ങിയ ലോഹ സ്ക്രൂ ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. ബഹ്റൈനിലെ ഉമ്മുൽ ഹസ്സാമിലുള്ള കിംസ് ഹെൽത്ത് ആശുപത്രിയിലാണ് അടിയന്തര വൈദ്യസഹായം നൽകി കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.
താടിയെല്ലിന്റെ താഴ്ഭാഗത്ത്, അണപ്പല്ലിന് സമീപമാണ് സ്ക്രൂ തറച്ചിരുന്നതെന്ന് എക്സ്റെ പരിശോധനയിൽ കണ്ടെത്തി. കുട്ടി വായിലെ വസ്തു കൂടുതൽ ഉള്ളിലേക്ക് വിഴുങ്ങുകയോ അല്ലെങ്കിൽ ശ്വാസനാളത്തിലേക്ക് കടക്കുകയോ ചെയ്താൽ ശ്വാസതടസ്സമോ ഗുരുതരമായ കോശക്ഷതമോ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇഎൻടി വിദഗ്ധൻ ഡോ. റിജോ മംഗലശ്ശേരിയാണ് ഇതിന് നേതൃത്വം നൽകിയത്. കൃത്യ സമയത്തുള്ള രോഗനിർണ്ണയവും എക്സ്റെ വഴിയുള്ള കൃത്യമായ സ്ഥാന നിർണ്ണയവുമാണ് വിജയകരമായ ശസ്ത്രക്രിയയ്ക്ക് സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ചെറിയ കുട്ടികൾ ചുറ്റുമുള്ള വസ്തുക്കൾ വായിലിട്ട് പഠിക്കുന്നത് സ്വാഭാവികമാണെന്നും അതിനാൽ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും ഡോ. റിജോ ഓർമ്മിപ്പിച്ചു. സ്ക്രൂകൾ, ബാറ്ററി, കളിപ്പാട്ടങ്ങളുടെ ചെറിയ ഭാഗങ്ങൾ എന്നിവ കുട്ടികളുടെ കൈയെത്താത്ത ദൂരത്ത് സൂക്ഷിക്കണം. കുട്ടിക്ക് അസ്വസ്ഥതകൾ ഇല്ലെങ്കിൽ പോലും വായയിലോ തൊണ്ടയിലോ എന്തെങ്കിലും കുടുങ്ങിയതായി സംശയം തോന്നിയാൽ ഉടനടി വൈദ്യസഹായം തേടണമെന്നും ഇദ്ദേഹം പറഞ്ഞു. വായയിൽ കുടുങ്ങിയ വസ്തുക്കൾ വീട്ടിൽ വെച്ച് സ്വന്തമായി പുറത്തെടുക്കാൻ ശ്രമിക്കരുതെന്നും, ഇത് കൂടുതൽ അപകടത്തിലേക്ക് വഴിതെളിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.
ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ പഠനമനുസരിച്ച് 1 മുതൽ 3 വയസ്സുവരെയുള്ള കുട്ടികളിൽ 20 ശതമാനത്തോളം പേർ ഭക്ഷണ സാധനങ്ങളല്ലാത്തവ വിഴുങ്ങാറുണ്ട്. വിഴുങ്ങിയ വസ്തുക്കൾ ബാറ്ററിയോ മാഗ്നറ്റോ ആണെങ്കിൽ ഒട്ടും സമയം കളയാതെ അടിയന്തര സഹായത്തിനായി 999 എന്ന നമ്പറിലോ തൊട്ടടുത്ത എമർജൻസി വിഭാഗത്തിലോ എത്തിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
dfdsf

