ഒമാനിൽ വിവാഹപൂർവ്വ വൈദ്യപരിശോധന നിർബന്ധമാക്കി; ലംഘിച്ചാൽ തടവും പിഴയും


ശാരിക / മസ്കറ്റ്

ഒമാനിൽ വിവാഹത്തിന് മുമ്പുള്ള മെഡിക്കൽ പരിശോധന നിർബന്ധമാക്കി പുതിയ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഒമാനി പൗരന്മാർ തങ്ങളുടെ പങ്കാളിയോടൊപ്പം മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകണം. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ഒമാനി പൗരന്മാരുടെ വിവാഹങ്ങൾക്കും, ദമ്പതികളിൽ ഒരാൾ മാത്രം ഒമാനി പൗരൻ ആണെങ്കിലും ഈ നിയമം ബാധകമാണ്. സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ വർഷം പുറപ്പെടുവിച്ച രാജകീയ ഉത്തരവ് നമ്പർ 111/2025 പ്രകാരമാണ് പുതുവർഷത്തിൽ ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. പരിശോധന നടത്തുന്ന ആരോഗ്യസ്ഥാപനങ്ങൾ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ഇരുവരേയും പരിശോധനാ ഫലങ്ങളെക്കുറിച്ച് അറിയിക്കുകയും ആവശ്യമായ സാഹചര്യങ്ങളിൽ മെഡിക്കൽ കൗൺസലിംഗ് നൽകുകയും വേണം. പരിശോധനാ ഫലങ്ങൾ മൂന്നാമതൊരാൾക്ക് വെളിപ്പെടുത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാതെ വിവാഹ കരാർ പൂർത്തിയാക്കാൻ വിവാഹ നടത്തിപ്പുകാർക്ക് അനുവാദമില്ല. രാജകീയ ഉത്തരവ് ലംഘിക്കുന്നവർക്ക് കുറഞ്ഞത് 10 ദിവസവും പരമാവധി ആറുമാസവും തടവോ, അല്ലെങ്കിൽ 100 മുതൽ 1,000 ഒമാനി റിയാൽ വരെ പിഴയോ, അതല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. നേരത്തെ ഈ പരിശോധന ഐച്ഛികമായിരുന്നുവെങ്കിലും മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നിർബന്ധമാക്കിയത്. 2024-25 കാലയളവിൽ ബോധവൽക്കരണം നടത്തുകയും, രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുകയും ചെയ്തു.

മൂന്നാം ഘട്ടത്തിലാണ് ഇപ്പോൾ നിയമം നിർബന്ധമാക്കിയത്. ഒമാനിൽ പ്രീ-മാരിറ്റൽ പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം 2024ലെ 15 ശതമാനത്തിൽ നിന്ന് 2025ൽ 43 ശതമാനമായി ഉയർന്നതായി ആരോഗ്യകാര്യ അണ്ടർ സെക്രട്ടറി ഡോ. സഈദ് ബിൻ ഹറബ് അൽ ലംക്കി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 11-ാം ക്ലാസ് വിദ്യാർത്ഥികളെ പരിശോധനയ്ക്ക് വിധേയരാക്കാനും തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് വിദ്യാർത്ഥികളുടെ പരിശോധന നടത്തുന്നത്.

'സ്റ്റാർട്ട് റൈറ്റ്' എന്ന മുദ്രാവാക്യത്തോടെ ഡോ. ജമീല ബിൻത് തൈസീർ അൽ അബ്രിന്റെ നേതൃത്വത്തിൽ ദേശീയ മാധ്യമപ്രചാരണവും ആരംഭിച്ചിട്ടുണ്ട്. പാരമ്പര്യ രക്തരോഗങ്ങൾ തടയാനും മാതൃ-ശിശു മരണനിരക്ക് കുറയ്ക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

article-image

േ്ിേ്

You might also like

Most Viewed