സുഹൃത്തിന്റെ മക്കളെ യുവാവ് വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു


ഉത്തർപ്രദേശിലെ ബുദൗണിൽ ഇരട്ടക്കൊലപാതകം. യുവാവ് സുഹൃത്തിൻ്റെ മക്കളെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു. സുഹൃത്തിൽ നിന്ന് 5000 രൂപ കടം വാങ്ങാനെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു.

ബാബ കോളനിയിൽ ബാർബർ ഷോപ്പ് നടത്തുന്ന മൊഹമ്മദ് സാജിദാണ് സുഹൃത്ത് വിനോദിൻ്റെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വിനോദിൻ്റെ വീടിന് എതിർവശമാണ് സാജിദിൻ്റെ ബാർബർ ഷോപ്പ്. ചൊവ്വാഴ്ച വൈകീട്ട് 5,000 രൂപ കടം വാങ്ങുന്നതിനായി സാജിദ് വിനോദിൻ്റെ വീട്ടിലെത്തി. പക്ഷേ വിനോദ് വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മൂന്ന് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

ഗർഭിണിയായ ഭാര്യ ആശുപത്രിയിലാണെന്നും ചികിത്സയ്ക്ക് 5,000 രൂപ വേണമെന്നും വിനോദിൻ്റെ ഭാര്യ സംഗീതയോട് സാജിദ് പറഞ്ഞു. ഇതുകേട്ട സംഗീത വിനോദിനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. സാജിദിന് പണം നൽകാൻ വിനോദ് നിർദ്ദേശിച്ചു. തുടർന്ന് സാജിദിനോട് ഇരിക്കാൻ പറഞ്ഞ ശേഷം വിനോദിൻ്റെ ഭാര്യ ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി.

ഈ സമയം വിനോദിൻ്റെ മകൻ ആയുഷിനോട്(11) മുകളിലത്തെ നിലയിലുള്ള അമ്മയുടെ ബ്യൂട്ടിപാർലർ കാണിച്ച് തരാൻ സാജിദ് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും മുകളിലേക്ക് പോയി. രണ്ടാം നിലയിൽ എത്തിയ ഉടൻ ലൈറ്റ് അണച്ച സാജിദ് ആയുഷിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി മുകളിലേക്ക് വന്ന സഹോദരൻ അഹാൻ (6) ആക്രമണം കണ്ടു. പിന്നാലെ സാജിദ് അഹാനെയും പിടികൂടി കൊലപ്പെടുത്തി.

ഇവരുടെ സഹോദരൻ പിയൂഷിനെയും സാജിദ് ആക്രമിച്ചെങ്കിലും ഏഴുവയസ്സുകാരൻ ഓടി രക്ഷപ്പെട്ടു. ആക്രമണ ശേഷം വീടിന് പുറത്ത് ബൈക്കിൽ കാത്തുനിന്ന സഹോദരൻ ജാവേദിനൊപ്പമാണ് സാജിദ് രക്ഷപ്പെട്ടത്. സമീപത്ത് നിന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. ഏറ്റുമുട്ടലിൽ ഒരു ഇൻസ്‌പെക്ടറും പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ജാവേദിനായി പൊലീസ് തെരച്ചിൽ തുടരുന്നുണ്ട്.

article-image

cdsdfdsds

You might also like

Most Viewed