കർണാടകയിൽ ജെഡിഎസിന് മൂന്ന് സീറ്റ് നൽകി ബിജെപി; 25 സീറ്റുകളിൽ ബിജെപി മത്സരിക്കും

കർണാടകയിൽ ജെഡിഎസുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി ബിജെപി. ജനതാദൾ സെക്കുലർ മൂന്ന് സീറ്റിൽ മത്സരിക്കും. മാണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകൾ ജെഡിഎസിന് നൽകാനാണ് ധാരണയായിരിക്കുന്നത്. നേരത്തെ കോലാർ സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിൽ ജെഡിഎസ് അതൃപ്തി വ്യക്തമാക്കിയിരുന്നു.
ജെഡിഎസിന് മാണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകൾ നൽകുമെന്ന് നേരത്തെ കുമാരസ്വാമി വ്യക്തമാക്കിയിരുന്നെങ്കിലും ബിജെപി ഇതിനോട് പ്രതികരിച്ചിരുന്നില്ല. സിറ്റിങ്ങ് സീറ്റായ കോലാർ വിട്ടുനൽകുന്നതിനെതിരെ ബിജെപിയിലും ആശയക്കുഴപ്പമുണ്ടായിരുന്നു. കോലാറിന് പകരം ചിക്ക്ബെല്ലാപൂർ ജെഡിഎസിന് വാഗ്ദാനം ചെയ്തതായും വാർത്തകളുണ്ടായിരുന്നു. ജെഡിഎസിന് മാണ്ഡ്യയും ഹാസനും മാത്രം നൽകിയാൽ മതിയെന്ന നിലയിലുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച് കുമാര സ്വാമി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിഎസിന് മൂന്ന് സീറ്റുകൾ നൽകാൻ ബിജെപി തീരുമാനിച്ചത്. ജെഡിഎസ് ആവശ്യപ്പെട്ട മൂന്നു സീറ്റുകളും ബിജെപി വിട്ടുകൊടുക്കാൻ തയ്യാറായിട്ടുണ്ട്.
adsadsdadsadsadsads