എസ്സാര്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ബ്രിട്ടനെ അറിയിക്കാന്‍ പുറപ്പെട്ട സാമൂഹ്യ പ്രവർത്തകയ്ക് യാത്ര നിഷേധിച്ചു
ലണ്ടന്‍ആസ്ഥാനമായ ‘എസ്സാര്‍’ കമ്പനി കല്‍ക്കരി ഖനനം നടത്തി മധ്യപ്രദേശ് ഗ്രാമങ്ങളുടെ ഉപജീവനമാര്‍ഗം മുടക്കുന്നതിനെതിരെ പരാതി പറയാന്‍ പോയ മലയാളി യുവതിയെ കേന്ദ്ര സര്‍ക്കാറിന്‍െറ വിലക്കുണ്ടെന്ന് കാട്ടി വിമാനത്താവളത്തില്‍നിന്ന് മടക്കിയയച്ചു. എസ്സാറിനെതിരെ മധ്യപ്രദേശിലെ സിങ്ക്രോളി ജില്ലയില്‍ 54 ഗ്രാമങ്ങളുടെ സമരത്തിന് നേതൃത്വം നല്‍കുന്ന ‘ഗ്രീന്‍പീസ് ഇന്ത്യ’ സീനിയര്‍ കാമ്പയിനര്‍ പ്രിയ പിള്ളയെയാണ് ലണ്ടനിലേക്ക് വിമാനം കയറാന്‍ അനുവദിക്കാതെ ഞായറാഴ്ച രാവിലെ എമിഗ്രേഷന്‍ വിഭാഗം തിരിച്ചയച്ചത്.
എസ്സാര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്‍േററിയന്മാരെ അറിയിക്കാന്‍ പുറപ്പെട്ടതായിരുന്നു പ്രിയാപിള്ള. ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍െറ ഓള്‍ പാര്‍ട്ടി പാര്‍ലമെന്‍േററിയന്‍ ഗ്രൂപ്പിന് മുന്നില്‍ ആദിവാസികളുടെ പരാതി ബോധിപ്പിക്കാന്‍ ഈ മാസം 14ന് സമയം അനുവദിച്ചിരുന്നു. മഹാന്‍ വനമേഖലയിലെ രണ്ട് ആദിവാസികളെയും ഒപ്പം കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും അവരുടെ പാസ്പോര്‍ട്ട് സമയത്ത് അനുവദിച്ചുകിട്ടിയില്ല.
ഞായറാഴ്ച രാവിലെ 6.50ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് പ്രിയക്ക് പോകേണ്ടിയിരുന്നത്. ബോര്‍ഡിങ് പാസ് ലഭിച്ചശേഷം എമിഗ്രേഷന്‍ കൗണ്ടറില്‍ ചെന്നപ്പോള്‍ ഇന്ത്യ ഗവണ്‍മെന്‍റ് നല്‍കിയ പട്ടികയില്‍ പേരുള്ളതിനാല്‍ രാജ്യത്തിന് പുറത്തുപോകാന്‍ അനുവദിക്കില്ളെന്ന് എമിഗ്രേഷന്‍ ഓഫിസര്‍ അറിയിച്ചു. ഏത് പട്ടികയിലാണ് പേരെന്ന് ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല.
ഭരണഘടന അനുവദിച്ച സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിന് 48 മണിക്കൂറിനകം കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനും വിദേശമന്ത്രാലയത്തിനും പ്രിയ പരാതി നല്‍കി. മറുപടി ലഭിച്ചില്ളെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയങ്ങളെ അറിയിച്ചു.
ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായ പ്രിയാപിള്ള അഞ്ച് വര്‍ഷത്തിലേറെയായി ആദിവാസികള്‍ക്കൊപ്പം മഹാന്‍ വനമേഖലയുടെ സംരക്ഷണത്തിനായി പോരാടുകയാണ്.

