എബോള ജാഗ്രത: വിമാനക്കമ്പനികൾക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി ഡി.ജി.സി.എ
ഷീബ വിജയൻ
ലോകാരോഗ്യ സംഘടന എബോള വൈറസ് വ്യാപനം മൂലം അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡി.ജി.സി.എ വിമാനക്കമ്പനികൾക്കായി പുതിയ സുരക്ഷാ നിയമങ്ങൾ പുറത്തിറക്കി. നിലവിൽ എബോള പടരുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ടോ കണക്റ്റിങ് ഫ്ലൈറ്റുകൾ വഴിയോ വരുന്ന യാത്രക്കാർക്കായി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന ഉറപ്പാക്കും. യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോമുകൾ പൂരിപ്പിച്ചു വാങ്ങാനും, രോഗലക്ഷണങ്ങളെക്കുറിച്ച് വിമാനത്തിനുള്ളിൽ പ്രത്യേക അനൗൺസ്‌മെന്റുകൾ നടത്താനും നിർദ്ദേശമുണ്ട്. പനി, കടുത്ത ക്ഷീണം, തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുള്ളവർ അധികൃതരെ വിവരമറിയിക്കണമെന്നും ഇന്ത്യയിലെത്തി 21 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടാൽ സർക്കാർ ആശുപത്രികളിൽ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും ഡി.ജി.സി.എ വ്യക്തമാക്കി. യാത്രാമധ്യേ രോഗലക്ഷണം കാണിക്കുന്നവരെ വിമാനത്തിന്റെ ഏറ്റവും പിന്നിലെ സീറ്റിലേക്ക് മാറ്റാൻ ഐസൊലേഷൻ മാർഗ്ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. അതോടൊപ്പം മാസ്കുകൾ, പി.പി.ഇ കിറ്റുകൾ, സാനിറ്റൈസറുകൾ എന്നിവ വിമാനങ്ങളിൽ ആവശ്യത്തിന് ലഭ്യമാണെന്ന് ഉറപ്പുവരുത്താനും എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
asdadsasdas

