ഇംഫാലിലെ ന്യൂ ലാംബുലെൻ ഇനി ‘കുക്കി മുക്ത മേഖല

ഇംഫാൽ: 300 കുക്കി കുടുംബങ്ങൾ താമസിച്ചിരുന്ന ഇംഫാലിലെ ന്യൂ ലാംബുലെൻ പ്രദേശം ഇനി ‘കുക്കി മുക്ത മേഖല’. ഇവിടെ ഉണ്ടായിരുന്ന അവസാനത്തെ 10 കുടുംബങ്ങളെ മണിപ്പൂർ സർക്കാർ ഇന്നലെ പുലർച്ചെ കുടിയൊഴിപ്പിച്ചു. 24 അംഗങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് നാല് മാസമായിട്ടും തങ്ങൾ പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയിൽനിന്ന് പോകാതെ പിടിച്ചുനിന്ന കുക്കി കുടുംബങ്ങളെയാണ് സർക്കാർ ഇടപെട്ട് മാറ്റിയത്. ഇംഫാൽ താഴ്‌വരയുടെ വടക്കുഭാഗത്ത് കുക്കി ആധിപത്യമുള്ള കാങ്‌പോക്‌പി ജില്ലയിലെ മൊട്ട്‌ബംഗിലേക്കാണ് ഈ കുടുംബങ്ങളെ കൊണ്ടുപോയത്. അക്രമകാരികൾ ഇവരെ ലക്ഷ്യംവെക്കുമെന്നതിനാലാണ് മാറ്റിയതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ന്യൂ ലാംബുലൻ ഏരിയയിലെ തങ്ങളുടെ വസതികളിൽ നിന്ന് തങ്ങളെ ബലമായി പുറത്താക്കുകയായിരുന്നുവെന്ന് കുക്കി കുടുംബങ്ങൾ ആരോപിച്ചു.
ഇവിടെ താമസിച്ചിരുന്ന മറ്റ് കുക്കി കുടുംബങ്ങൾ മേയ് 3 ന് വംശീയ അക്രമം ആരംഭിച്ചതിനുശേഷം ഘട്ടം ഘട്ടമായി ഇവിടംവിട്ടുപോയിരുന്നു. ‘മെയ്തി- കുക്കി വേർതിരിവ് പൂർണം, ഉടൻ ഭരണഘടനാപരമായി അംഗീകരിക്കണം’ നിർബന്ധിത കുടിയൊഴിപ്പിക്കലിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കുക്കി ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പൂർ രംഗത്തുവന്നു. മെയ്തികൾക്കും കുക്കികൾക്കും പ്രത്യേക ഭരണം ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ‘മെയ്തികളെയും കുക്കികളെയും വേർതിരിക്കുന്ന നടപടി ഈ കുടിയൊഴിപ്പിക്കലിലൂടെ പൂർണമായി. ഈ വേർതിരിവ് എത്രയും വേഗം കേന്ദ്ര സർക്കാർ ഭരണഘടനാപരമായി അംഗീകരിക്കണം. പ്രത്യേകഭരണം ഏർപ്പെടുത്തണം’ -പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
adsadsadsadsdsa