അരുണാചലിലെ തടാകത്തിൽ പാളി തകർന്ന് മലയാളി യുവാവ് മുങ്ങിമരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഷീബ വിജയൻ
ഇട്ടനഗർ: അരുണാചൽ പ്രദേശിലെ തവാങ്ങിലുള്ള സേല തടാകത്തിൽ ഐസ് പാളി തകർന്നുണ്ടായ അപകടത്തിൽ മലയാളി യുവാവ് മുങ്ങിമരിച്ചു. കൊല്ലം നെടുമ്പന സ്വദേശി വിനു പ്രകാശ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശി മാധവിനെ കാണാതായി. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്. വിനോദയാത്രയ്ക്കെത്തിയ ഏഴംഗ സംഘം തണുത്തുറഞ്ഞ സേല തടാകത്തിന് മുകളിലൂടെ നടക്കുമ്പോൾ ഐസ് പാളി തകരുകയും വെള്ളത്തിലേക്ക് താഴുകയുമായിരുന്നു. തടാകത്തിലേക്ക് ഇറങ്ങരുതെന്ന കർശന മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം ഐസിന് മുകളിലൂടെ നടന്നതെന്ന് റിപ്പോർട്ടുകളുണ്ട്. അപകടം നടന്ന ഉടൻ സൈന്യവും പൊലീസും ചേർന്ന് അഞ്ച് പേരെ രക്ഷപ്പെടുത്തി. കൊല്ലം കൊട്ടിയത്തെ ടൊയോട്ട മോട്ടോഴ്സ് ജീവനക്കാരനാണ് വിനു പ്രകാശ്. ബുധനാഴ്ചയാണ് സംഘം നെടുമ്പാശ്ശേരിയിൽ നിന്ന് യാത്ര തിരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
dfrfdrfgfg

