നിയമസഭയിലേക്ക് ഇനി തിരിച്ചുവരില്ല; വിടവാങ്ങൽ പ്രസംഗം നടത്തി ബിഎസ് യെദിയൂരപ്പ

നിയമസഭയിലേക്ക് ഇനി തിരിച്ചു വരില്ലായെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ. ബജറ്റ് അവതരണത്തിനിടയിൽ കർണാടക നിയമസഭയിൽ വെച്ച് നടത്തിയ തന്റെ വിടവാങ്ങൽ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലാ എന്ന് യെദിയൂരപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തന്റെ മകന്‍ വിജയേന്ദ്ര ഇനി ശിവമോഗ ജില്ലയിലെ ശിക്കാരിപ്പൂര മണ്ഡലത്തെ നയിക്കുമെന്നും യെദിയൂരപ്പ കൂട്ടിച്ചേർത്തു.
“ഇത് എന്റെ അവസാനത്തെ പ്രസംഗമാണ്. ഈ ബജറ്റ് അവതരണത്തിന് ശേഷം ഇനി ഈ വീട്ടിലേക്ക് ഞാൻ ഒരിക്കലും തിരിച്ചു വരില്ല. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ഞാൻ മത്സരിക്കില്ല”, പ്രസംഗത്തിൽ യെദിയൂരപ്പ പറഞ്ഞു.
1983ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നാല് തവണ ഇദ്ദേഹം കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റിട്ടുണ്ട്. 2019ൽ ഏറ്റവും മികച്ച എംഎൽഎയ്ക്കുള്ള അവാർഡും ബിഎസ് യെദിയൂരപ്പ കരസ്ഥമാക്കിയിരുന്നു. ഖനി അഴിമതിക്കേസിൽ ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ബിജെപി വിട്ട ഇദ്ദേഹം കർണാടക ജനതാ പാർട്ടി രൂപീകരിച്ചിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹം ബിജെപിയിൽ വീണ്ടും തിരികെയെത്തുകയായിരുന്നു.