നാല് സുരക്ഷാ ജീവനക്കാരെ തലയ്ക്കടിച്ച് കൊന്നു; പ്രചോദനം 'കെജിഎഫ്' എന്ന് 19 വയസ്സുകാരൻ

മധ്യപ്രദേശിനെ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പരകൾക്കൊടുവിൽ പത്തൊമ്പതുകാരനായ പ്രതി പിടിയിലായി. നാലു സുരക്ഷാ ജീവനക്കാരെ ഉറക്കത്തിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മധ്യപ്രദേശ് സാഗർ സ്വദേശി ശിവപ്രസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രം കെജിഎഫിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസിനു നൽകിയ മൊഴി.
സിനിമയിലെ നായക കഥാപാത്രത്തെ പോലെ പേരെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കൊല്ലപ്പെട്ട ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ ഫോൺ പ്രതി കൈക്കലാക്കിയിരുന്നു. ഇത് പിന്തുടർന്നാണ് വെള്ളിയാഴ്ച ഭോപ്പാലിൽ വെച്ച് പ്രതിയെ പിടികൂടിയത്. ആഗസ്റ്റ് 28നും സെപ്റ്റംബർ ഒന്നിനും ഇടയിൽ മധ്യപ്രദേശിലെ സാഗർ നഗരത്തിൽ മൂന്നും ഭോപ്പാലിൽ ഒരു സെക്യൂരിറ്റി ജീവനക്കാരനെയുമാണ് ശിവപ്രസാദ് കൊലപ്പെടുത്തിയത്. ഭോപ്പാലിൽ നടത്തിയ കൊലപാതകം സിസിടിവിയിൽ പതിഞ്ഞിരുന്നു. നിക്കറും ബനിയനും ധരിച്ചെത്തിയ പ്രതി ഉറങ്ങിക്കിടക്കുന്ന സുരക്ഷാജീവനക്കാരന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റാരും കണ്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സംഭവസ്ഥലത്തു നിന്ന് പെട്ടെന്ന് രക്ഷപ്പെടുകയും ചെയ്തു. ചുറ്റിക, വടിവാൾ, കല്ല് എന്നിവ ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങൾ നടത്തിയത്.
അടുത്തതായി പൊലീസുകാരെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. അർദ്ധരാത്രി ഉറങ്ങിക്കിടക്കുന്ന സുരക്ഷാ ജീവനക്കാർ സമാന സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടത് സംസ്ഥാനത്തുടനീളം പരിഭ്രാന്തി പരത്തിയിരുന്നു. പൊലീസ് പരിശോധനയും കർശനമാക്കിയിരുന്നു തുടർന്നാണ് പ്രതി പിടിയിലായത്.
jncv