പിസി ചാക്കോ വീണ്ടും എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ

പിസി ചാക്കോ വീണ്ടും എൻസിപി സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന അദ്ധ്യക്ഷനായി പിസി ചാക്കോയുടെ പേര് എ കെ ശശീന്ദ്രനാണ് നിർദേശിച്ചത്. തോമസ് കെ തോമസ് പിന്താങ്ങി. പിസി ചാക്കോയെ പ്രസിഡന്റാക്കാൻ എകെ ശശീന്ദ്രൻ തോമസ് കെ തോമസ് വിഭാഗങ്ങൾ നേരത്തെ സമവായത്തിലെത്തിയിരുന്നു. എന്നാൽ പിസി ചാക്കോയെ തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് എൻസിപി സംസ്ഥാന ജനറൽ കൗൺസിലിൽ നിന്ന് മുൻ ദേശീയ നേതാവ് ഇറങ്ങി പോയി. മലപ്പുറത്ത് നിന്നുള്ള നേതാവ് എൻഎ മുഹമ്മദ് കുട്ടിയാണ് ഇറങ്ങി പോയത്. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം നിരാകരിച്ചുവെന്ന് മുഹമ്മദ് കുട്ടി പ്രതികരിച്ചു.
ജനാധിപത്യ രീതിയിലല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള ഭാരവാഹികളെ പിന്നീട് അദ്ധ്യക്ഷൻ നിർദേശിക്കുകയാണ് ചെയ്യുക. നേതൃത്വം മാറണം എന്ന ചിന്ത പാർട്ടിയിൽ ഇല്ലെന്ന് എകെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. പാർട്ടിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഇല്ലായെന്നും മത്സരമുണ്ടാകുമെന്നത് വാർത്ത മാത്രമാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
xgx