രാജ്യദ്രോഹത്തിനെതിരായ വിവാദ നിയമം മരവിപ്പിച്ചു സുപ്രീംകോടതി


രാജ്യദ്രോഹത്തിനെതിരായ വിവാദ നിയമം മരവിപ്പിച്ചു സുപ്രീംകോടതി ഉത്തരവ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് ആണ് മരവിപ്പിച്ചത്. ഈ വകുപ്പുകൾ ചുമത്തി കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസെടുക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടു ജയിലിൽ‍ കഴിയുന്നവർ‍ക്കു ജാമ്യത്തിനായി കോടതിയെ സമീപിക്കാം. പുനഃപരിശോധിക്കുന്നതു വരെ വകുപ്പ് ചുമത്തരുതെന്ന കർശന നിർദേശമാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്. രാജ്യദ്രോഹ കേസുകളിൽ‍ 13,000 പേർ‍ രാജ്യത്തെ വിവിധ ജയിലുകളിലുണ്ടെന്നും നിയമം റദ്ദാക്കരുതെന്നും കേന്ദ്രം സുപ്രീംകോടതിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, ഈ വാദം തത്കാലം കോടതി അംഗീകരിച്ചില്ല.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുന്നവർക്കു ജാമ്യത്തിനായി കോടതിയെ സമീപിക്കാൻ ഇതോടെ വഴിതെളിഞ്ഞു. മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ അടക്കമുള്ളവർ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു ജയിലിൽ കിടക്കുകയാണ്. നിരവധി സോഷ്യൽ ആക്ടിവിസ്റ്റുകളും ഈ നിയമത്തിന്‍റെ ഇരകളായി മാറിയിരുന്നു. കോടതിയുടെ ഉത്തരവ് കേന്ദ്രസർക്കാരിന്‍റെ നിലപാടിനു കനത്ത തിരിച്ചടിയാണ്. വാട്ട്സ്ആപ് പോസ്റ്റ് പോലുള്ള നിസാര സംഭവങ്ങളിലും മറ്റും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതോടെയാണ് നിയമത്തിന്‍റെ ദുരുപയോഗത്തിനെതിരേ രാജ്യമെന്പാടും വികാരം ശക്തമായത്. രാജ്യദ്രോഹക്കുറ്റത്തിന്‍റെ ദുരുപയോഗം പൂർണമായും തടയുന്ന രീതിയിൽ വിഷയത്തിൽ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഇതോടെ നിർബന്ധിതമാകും.

You might also like

Most Viewed