വിദേശ സർവകലാശാലകളുമായുള്ള അക്കാദമിക സഹകരണത്തിൽ ഭേദഗതികളുമായി യുജിസി

വിദേശ സർവകലാശാലകളുമായുള്ള അക്കാദമിക സഹകരണത്തിൽ ഭേദഗതികളുമായി യുജിസി. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നും യുജിസി ചെയർമാൻ എം. ജഗദേശ് കുമാർ പറഞ്ഞു. യുജിസി ഭേദഗതി അനുസരിച്ച് വിദേശ സർവകലാശാലകളുമായി ചേർന്നുള്ള കോഴ്സുകൾ പൂർത്തിയാക്കുന്നതിന് ഒരു വിദ്യാർഥി തെരഞ്ഞെടുക്കുന്ന വിഷയത്തിൽ ഇന്ത്യൻ സർവകലാശാലയുമായി സഹകരിക്കുന്ന വിദേശ സർവകലാശാലയുടെ 30 കോഴ്സ് ക്രെഡിറ്റുകൾ എങ്കിലും സ്വന്തമാക്കണം. എന്നാൽ വിദേശ സർവകലാശാലകളുമായി ചേർന്നുള്ള ഓൺലൈൻ കോഴ്സുകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും ഇത് ബാധകമല്ല.
ട്വിന്നിംഗ് പ്രോഗ്രാം, ജോയിന്‍റ് ഡിഗ്രി പ്രോഗ്രാം, ഡുവൽ ഡിഗ്രി പ്രോഗ്രാം എന്നിങ്ങനെ മൂന്ന് വിധത്തിലാണ് ഇന്ത്യൻ സർവകലാശാലകൾക്ക് വിദേശ സർവകലാശാലകളുമായി സഹകരിക്കാനാകുക. രാജ്യാന്തര തലത്തിൽ മികച്ച റാങ്കിംഗുള്ള സർവകലാശാലകളുമായിട്ടായിരിക്കും ഇന്ത്യൻ സർവകലാശാലകൾ സഹകരിക്കുക.