മോഫിയ പർവീണിന്റെ ആത്മഹത്യ; സസ്പെൻഷനിലായിരുന്ന സി.ഐയെ തിരിച്ചെടുത്തു

ആലുവയിൽ ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥിനി മോഫിയ പർവീണിന്റെ കുടുംബത്തോട് അപമര്യാദയായി പെരുമാറിയതിന് സസ്പെൻഷനിലായിരുന്ന സി.ഐ സി.എൽ.സുധീറിനെ ആറുമാസം തികയും മുൻപേ സർവീസിൽ തിരിച്ചെടുത്തു. ആലപ്പുഴ അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിലാണ് നിയമനം.
കഴിഞ്ഞ നവംബറിലാണ് സുധീറിനെ സസ്പെൻഡ് ചെയ്തത്. സ്ഥലംമാറ്റത്തിൽ കൂടുതൽ ശിക്ഷ നൽകാനുള്ള തെറ്റ് സി ഐ ചെയ്തിട്ടില്ലെന്ന് റേഞ്ച് ഡി.ഐ.ജി റിപ്പോർട്ട് നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് സുധീറിനെ സസ്പെൻഡ് ചെയ്തത്.
ഭർത്തൃപീഡനത്തിന് പരാതി നൽകിയ മോഫിയയെ സി. ഐ സുധീർ സ്റ്റേഷനിൽ വച്ച് അധിക്ഷേച്ചിരുന്നു. സ്റ്റേഷനിൽ നിന്നു പോയ മോഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
സി.ഐ സുധീർ നേരത്തെയും നടപടിയും അന്വേഷണവും നേരിട്ടിട്ടുണ്ട്. അഞ്ചൽ സി.ഐയായിരിക്കെ ഔദ്യോഗിക നടപടികളിൽ വീഴ്ച വരുത്തിയതിന്, സുധീറിന് ഇനി ക്രമസമാധാന ചുമതല നൽകരുതെന്ന് റൂറൽ എസ്.പിയായിരുന്ന എസ്.ഹരിശങ്കർ ശുപാർശ ചെയ്തിരുന്നു. ഇത് അവഗണിച്ചാണ് കൊച്ചിയിൽ ക്രമസമാധാന ചുമതല നൽകിയത്. കടയ്ക്കൽ, അഞ്ചൽ സ്റ്റേഷനുകളിൽ ജനങ്ങളോട് മോശമായി പെരുമാറിയതായും പരാതികളുണ്ടായിരുന്നു.
ആറുമാസം സസ്പെൻഷൻ പൂർത്തിയായ ശേഷം പുനരവലോകനം ചെയ്താൽ മതിയെന്നിരിക്കെയാണ് ആറുമാസം തികയും മുൻപ് സുധീറിനെ തിരിച്ചെടുത്ത് ഡി.ജി.പി അനിൽകാന്ത് ഉത്തരവിറക്കിയത്.