രാജ്യത്ത് തൂക്കുകയർ കാത്തുകിടക്കുന്നത് 488 പേർ; റെക്കോർഡ് വർദ്ധനവെന്ന് റിപ്പോർട്ട്


ഇന്ത്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം 488 ആയി വർധിച്ചു. 17 വർഷത്തിനിടെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ ക്രിമിനൽ നിയമ പരിഷ്‌കരണ അഡ്വക്കസി ഗ്രൂപ്പായ പ്രോജക്റ്റ് 39 എയാണ് വധശിക്ഷയെക്കുറിച്ചുള്ള വാർഷിക സ്ഥിതിവിവരക്കണക്കുകളുടെ റിപ്പോർട്ട് പുറത്ത് വിട്ടത്. 2016 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 2021 അവസാനം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. 2021 ലേതിലെ കണക്കുകൾ നോക്കുകയാണെങ്കിൽ ഏകദേശം 21ശതമാനം വർദ്ധനവാണുണ്ടായത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട പ്രിസൺ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ഇന്ത്യ റിപ്പോർട്ടുമായി താരതമ്യം ചെയ്യുന്പോൾ 2004 ലാണ് ഏറ്റവും കൂടുതൽ പേരെ വധശിക്ഷക്ക് വിധിച്ചിരുന്നത്. അന്ന് 563 പേർക്കായിരുന്നു തൂക്കുകയർ വിധിച്ചിരുന്നത്. അതിന് ശേഷം ഇത്രയും പേരെ ശിക്ഷിക്കുന്നത് കഴിഞ്ഞവർഷമാണ്. 

കോവിഡ് മഹാമാരി കാരണം അപ്പീൽ കോടതികൾ പരിമിതമായി മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇത് വധശിക്ഷയുമായി ബന്ധപ്പെട്ട കേസുകൾക്ക് നൽകുന്ന മുൻഗണനയെ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020 ലും 2021ലും അപ്പീൽ കോടതികളുടെ പ്രവർത്തനം വളരെ പരിമിതമായി മാത്രമാണ് നടന്നത്. അതുകൊണ്ട് തന്നെ വധശിക്ഷ വിധിക്കപ്പെട്ട മിക്ക തടവുകാർക്കും അപ്പീലുകൾ നൽകാൻ സാധിച്ചില്ല. അതുകൊണ്ട് വർഷാവസാനം വരെ ശിക്ഷയിൽ മാറ്റമില്ലാതെ ഇവർ ജയിലിൽ കഴിയുകയാണ്. രാജ്യത്തുടനീളമുള്ള സെഷൻസ് കോടതികൾ 2016 മുതൽ പ്രതിവർഷം ശരാശരി 125 വധശിക്ഷകൾ നൽകുന്നുണ്ട്. എന്നാൽ അത്തരം ഓരോ 42 വധശിക്ഷകളിലും, സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സുപ്രീം കോടതി ഒന്നു മാത്രമേ സ്ഥിരീകരിക്കുന്നുള്ളൂ. 2021ൽ വിചാരണക്കോടതികൾ 144 വധശിക്ഷകൾ വിധിച്ചിരുന്നു. ഇതേ കാലയളവിൽ ഹൈക്കോടതികൾ 39 അപ്പീലിൽ മാത്രമേ തീരുമാനമെടുത്തത്. 2020ൽ 31 അപ്പീലുകളും ഹൈക്കോടതി തീർപ്പാക്കി. എന്നാൽ 2019ൽ 76 അപ്പീലുകളാണ് ഹൈക്കോടതികൾ തീർപ്പാക്കിയത്. കഴിഞ്ഞ വർഷം സെപ്തംബറിൽ സുപ്രീം കോടതി വധശിക്ഷകൾക്ക് മുൻഗണന നൽകി 2020ലെ 11ഉം 2019ലെ 28ഉം അപ്പീലുകൾ തീർപ്പാക്കിയപ്പോൾ 2021−ൽ ആറ് കേസുകൾ മാത്രമാണ് തീർപ്പാക്കിയത്.

You might also like

Most Viewed