ബഹ്‌റൈനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 100 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കിയാതായി മന്ത്രി
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിലെ ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയിദ് പാർലമെന്റിനെ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നൂറ് ശതമാനം സ്വദേശിവൽക്കരണം ഇതിനോടകം നടപ്പിലാക്കിയതായി മന്ത്രി വ്യക്തമാക്കി. എംപി അബ്ദുൽനബി സൽമാന്റെ ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് ആരോഗ്യ മേഖലയിലെ ഈ വലിയ നേട്ടത്തെക്കുറിച്ച് മന്ത്രി വിശദീകരിച്ചത്.
നിലവിൽ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരിൽ 88 ശതമാനവും ബഹ്‌റൈൻ പൗരന്മാരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി പ്രഗത്ഭരായ സ്വദേശി കേഡറുകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഈ നിയമനിർമ്മാണ കാലയളവിൽ ആരോഗ്യ മേഖലയിലെ മുൻനിര ജീവനക്കാരുടെ നിയമനത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അവർ സഭയെ അറിയിച്ചു.
സ്വദേശികൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം മികച്ച പരിശീലനം ഉറപ്പാക്കുന്നതിലും വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ലേബർ ഫണ്ടിന്റെ സഹകരണത്തോടെ ഡോക്ടർമാർക്ക് നൽകുന്ന പരിശീലന അവസരങ്ങളിൽ വലിയ വർദ്ധനവുണ്ടായി. 2023-ൽ 83 ഡോക്ടർമാർക്ക് മാത്രമാണ് റെസിഡൻസി പരിശീലനം നൽകിയിരുന്നതെങ്കിൽ, 2024-2025 കാലയളവിൽ ഇത് 700-ലധികം അവസരങ്ങളായി ഉയർന്നു. റെസിഡൻസി, ഫെലോഷിപ്പ് പ്രോഗ്രാമുകൾ വഴിയാണ് ഈ അവസരങ്ങൾ ഒരുക്കുന്നത്. ഡോക്ടർമാർക്ക് പുറമെ നഴ്‌സിംഗ് മേഖലയിലും സ്വദേശിവൽക്കരണവും പരിശീലന പരിപാടികളും ശക്തമായി തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
േിു്േു


