യുവാവിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന; മംഗളൂരുവിലേക്ക് കടന്നെന്ന് പൊലീസ്
ശാരിക / കോഴിക്കോട്
സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിത മുസ്തഫ കേരളം വിട്ടതായി സൂചന. ഇവർ അയൽസംസ്ഥാനമായ കർണാടകയിലെ മംഗളൂരുവിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമങ്ങൾ പൊലീസ് തുടരുകയാണ്. കേസിൽ നിർണ്ണായക തെളിവായ ദീപക്കിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണും പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. ഇതിനിടെ, പിടിയിലാകാതിരിക്കാൻ ഷിംജിത മുൻകൂർ ജാമ്യത്തിനായുള്ള ശ്രമങ്ങൾ തുടങ്ങിയതായും വിവരമുണ്ട്.
അതേസമയം, ദീപക് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ദീപക് യാത്ര ചെയ്തിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തി. ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും യുവതി ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള യാതൊരു തെളിവുകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടിൽ ദീപക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ ദീപക്കിന്റെ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചിട്ടും ദീപക് വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും ചേർന്ന് വാതിൽ ബലമായി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഒരു വസ്ത്രവ്യാപാര ശാലയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ദീപക്. ബസിൽ വെച്ച് തന്നോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് ഷിംജിത ദീപക്കിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും നിരവധി ആളുകൾ ദീപക്കിനെതിരെ മോശം അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചത്.
eserwr


