ഐഎസിൽ ചേരാൻ രാജ്യം വിട്ട ആയിഷയെ അഫ്ഗാനിൽ നിന്ന് തിരികെ കൊണ്ടുവരണമെന്ന് പിതാവിന്റെ ആവശ്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി


ന്യൂഡൽഹി

ഐഎസ് ഭീകര സംഘടനയിൽ ചേരാൻ രാജ്യം വിട്ട സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി പിതാവ് സുപ്രീംകോടതിയിൽ. ആയിഷയുടെ പിതാവ് വി.ജെ സെബാസ്റ്റ്യൻ ഫ്രാൻസിസ് നൽകിയ ഹർജിയിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. എട്ട് ആഴ്ചയ്‌ക്കുള്ളിൽ തീരുമാനമറിയിക്കാനാണ് 

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടും സുപ്രീം കോടതി നിർദ്ദേശിച്ചത്.

ഐഎസിൽ ചേരാൻ 2016ൽ ഇന്ത്യയിൽ നിന്ന് പോയ ആയിഷയെയും മകൾ സാറയെയും തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നാണ് പിതാവിന്റെ ആവശ്യം. നിലവിൽ അവരെ അഫ്ഗാൻ പാകിസ്താൻ അതിർത്തിയിലുള്ള ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ആയിഷയെയും മകളെയും പാർപ്പിച്ചിരുന്ന പുലെ ചർക്കി ജയിൽ താലിബാൻ തകർത്തതായാണ് വിവരമെന്ന് പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു.

എന്നാൽ മറ്റൊരു രാജ്യത്ത് നിന്നും പൗരന്മാരെ തിരികെ കൊണ്ടുവരണമോ വേണ്ടയോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവുവിന്റെ അദ്ധ്യക്ഷതയിലുളള ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ കോടതിക്ക് പ്രത്യേക നിർദേശം നൽകാൻ കഴിയില്ല. അതേസമയം സർക്കാർ തീരുമാനത്തിൽ എതിർപ്പ് ഉണ്ടെങ്കിൽ ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.

ഭീകരസംഘടനയായ ഐ.എസിൽ ചേർന്ന ആയിഷയുടെ ഭർത്താവ് 2019−ൽ നാറ്റോ സഖ്യ സേന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യുഎപിഎ നിയമപ്രകാരം ആയിഷയ്‌ക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെത്തിച്ച ശേഷം ഈ കേസിൽ വിചാരണ നടത്തണമെന്നാണ് പിതാവ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ഐഎസിൽ ചേരാൻ ഇന്ത്യവിട്ട് പോയ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവും ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു എന്നാൽ നിമിഷ ഫാത്തിമയെ തിരികെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിക്കുകയായിരുന്നു. ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാലാണ് കേന്ദ്രം തീരുമാനം സ്വീകരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed