ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും അന്തരിച്ചു

ബംഗളൂരു: ഊട്ടിക്ക് സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. ബുധനാഴ്ച രാവിലെ ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽവച്ചാണ് അന്ത്യം സംഭവിച്ചതെന്ന് വ്യോമസേന അറിയിച്ചു. ഇതോടെ, ദുരന്തത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്ത് എന്നിവരുൾപ്പെടെ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.
ധീരതയ്‌ക്കുള്ള അംഗീകാരമായി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര്യ ചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്. കോയത്തൂരിലെ സുലൂർ വ്യോമതാവളത്തിൽനിന്ന് ഊട്ടിക്കു സമീപം വെല്ലിംഗ്ടണിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കുനൂരിലെ കാട്ടേരിയിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്. ലാൻഡിംഗിന് പത്തു കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ കുറിച്ച് സംയുക്ത സേന അന്വേഷിക്കുകയാണ്.