ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ റഷ്യ; ഏപ്രിൽ 1 മുതൽ പെട്രോൾ കയറ്റുമതിക്ക് നിരോധനം
ശാരിക I അന്തർദേശീയം
മോസ്കോ: റഷ്യയിൽ ഇന്ധനവില വർദ്ധനവ് തടയുന്നതിനും ആഭ്യന്തര വിപണിയിൽ പെട്രോൾ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി ഏപ്രിൽ 1 മുതൽ കയറ്റുമതി നിരോധനം ഏർപ്പെടുത്തുന്നു. ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്കിന്റെ നിർദ്ദേശപ്രകാരം ഊർജ്ജ മന്ത്രാലയം ഇതിനായുള്ള കരട് പ്രമേയം തയ്യാറാക്കി. ജൂലൈ 31 വരെ നിരോധനം തുടരുമെന്നാണ് സൂചന.
മധ്യേഷ്യയിലെ പ്രതിസന്ധികൾ ആഗോള എണ്ണ വിപണിയിൽ വലിയ വില വ്യതിയാനങ്ങൾക്കും അസ്ഥിരതയ്ക്കും കാരണമാകുന്നുണ്ടെന്ന് നൊവാക് പറഞ്ഞു. കഴിഞ്ഞ വർഷം ഉക്രെയ്ൻ റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ആക്രമണം കടുപ്പിച്ചതിനെത്തുടർന്ന് പലയിടങ്ങളിലും കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കരുതൽ നടപടിയെന്നോണം കയറ്റുമതി നിയന്ത്രിക്കാൻ റഷ്യ തീരുമാനിച്ചത്.
കഴിഞ്ഞ വർഷം പ്രതിദിനം 1,17,000 ബാരൽ പെട്രോളാണ് റഷ്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇന്ധനക്ഷാമവും അമിതവിലയും നിയന്ത്രിക്കാൻ റഷ്യ ഇതിനുമുമ്പും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ ക്രൂഡ് ഓയിൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും ആഭ്യന്തര വിതരണം സുസ്ഥിരമാണെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
qweqwqw



