ജയലളിതയുടെ വേദനിലയത്തിലേക്ക് താമസം മാറ്റാനൊരുങ്ങി സഹോദരന്റെ മക്കൾ

ചെന്നൈ: അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയുടെ 100 കോടി വില വരുന്ന പോയസ് ഗാർഡനിലെ സ്വകാര്യ വസതിയായ വേദനിലയത്തിലേക്ക് താമസം മാറ്റാനൊരുങ്ങി സഹോദര മക്കളായ ദീപ ജയകുമാറും ദീപകും. ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം ജയലളിതയുടെ പിന്തുടർച്ചാവകാശം ഇവർക്കാണെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ വിധിക്കു പിന്നാലെയാണ് കഴിഞ്ഞദിവസം ചെന്നൈ കളക്‌ടർ വിജയറാണി വീടിന്റെ താക്കോൽ നേരിട്ടെത്തി ദീപയ്‌ക്ക് കൈമാറിയത്. ജയലളിതയുടെ ജ്യേഷ്‌ഠന്റെ മക്കളാണ് ദീപയും ദീപക്കും.
കടുത്ത നിയമപോരാട്ടത്തിനൊടുവിലാണ് വേദനിലയം സ്വന്തമാക്കാനായത്. ജയലളിതയുടെ അസാന്നിദ്ധ്യത്തിൽ ആദ്യമായാണ് വേദനിലയം സന്ദർശിക്കുന്നത്. ജീവിതത്തിൽ ഇങ്ങനെയൊരു വഴിത്തിരിവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞദിവസം താക്കേൽ കൈയിൽ കിട്ടിയപ്പോൾ ദീപ പ്രതികരിച്ചതിങ്ങനെയായിരുന്നു.
1960കളുടെ അവസാനത്തിൽ ജയലളിതയുടെ മാതാവ് വേദവല്ലി വാങ്ങിയതാണ് ഈ വീട്. 2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. തുടർന്ന് വേദനിലയം സ്മാരകമാക്കിയ മുൻ അണ്ണാ ഡി.എം.കെ സർക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഈയിടെ റദ്ദാക്കിയിരുന്നു.