അജിത് പവാറിന്റെ ആയിരം കോടിയുടെ സ്വത്ത്‌ ആദായനികുതി വകുപ്പ് കണ്ടുകെട്ടി


മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അജിത് പവാറിന്റേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും പേരിലുള്ള ബിനാമി സ്വത്തുവകകൾ കണ്ടുകെട്ടി ആദായനികുതി വകുപ്പ്. ഇത് സംബന്ധിച്ചുള്ള നോട്ടീസ് അജിത് പവാറിന് കൈമാറി. വിവിധ സംസ്ഥാനങ്ങളിലായി പവാർ കൈവശം വച്ചിരുന്ന ആയിരം കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതായാണ് റിപ്പോർട്ടുകൾ. സൗത്ത് ഡൽഹിയിലുള്ള 20 കോടിയുടെ ഫ്‌ളാറ്റ്, നിർമ്മൽ ഹൗസിലെ 25 കോടിയോളം വിലവരുന്ന ശരത് പവാറിന്റെ ഓഫീസ് കെട്ടിടം, ജരന്തേശ്വറിലെ 600 കോടിയുടെ പഞ്ചസാര ഫാക്ടറി, ഗോവയിൽ 250 കോടി വിലമതിക്കുന്ന റിസോർട്ട് തുടങ്ങിയവയാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.

ഇതിന് പുറമെ മഹാരാഷ്‌ട്രയിലെ 27 ഇടങ്ങളിലായിട്ടുള്ള ഭൂമിയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് 500 കോടിയോളം വിലവരുമെന്നാണ് റിപ്പോർട്ട്. ഇതിന്റെയെല്ലാം ഉടമസ്ഥാവകാശം അജിത് പവാറിനും കുടുംബാംഗങ്ങൾക്കുമാണ്. ഈ സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ച പണം കൊണ്ട് വാങ്ങിയതല്ലെന്ന് തെളിയിക്കാൻ അജിത് പവാറിന് 90 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്ന സമയത്തോളം ഈ ഭൂമി വിൽക്കാൻ അജിത് പവാറിന് കഴിയില്ല. കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം അജിത് പവാർ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണം നേരിടുന്ന രണ്ടാമത്തെ മുതിർന്ന നേതാവാണ് അജിത് പവാർ.

അജിത് പവാറിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള മുംബൈയിലെ രണ്ട് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ 184 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്ത് കണ്ടെത്തിയിരുന്നു. മുംബൈ, പൂനെ, ബരാമതി, ഗോവ, ജയ്പൂർ എന്നിവിടങ്ങളിലെല്ലാം കോടിക്കണക്കിന് രൂപയുടെ ബിനാമി സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടെത്തിയതായും വിവരമുണ്ട്. എന്നാൽ ഇതിൽ അജിത് പവാറിന്റെ പേര് എടുത്തു പരാമർശിച്ചിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed