ജോജു ജോർജിന് എല്ലാ സംരക്ഷണവും നൽകുമെന്ന് ഡിവൈഎഫ്ഐ

കൊച്ചി: കോൺഗ്രസിന്‍റെ വഴിതടഞ്ഞുള്ള പ്രതിഷേധത്തിനെതിരേ പ്രതികരിച്ച നടൻ ജോജു ജോർജിന് എല്ലാ സംരക്ഷണവും നൽകുമെന്ന് ഡിവൈഎഫ്ഐ. പ്രതികരിക്കാനുളള അവകാശം എല്ലാവർക്കും ഉണ്ട്. വഴിതടഞ്ഞുള്ള സമരം ചോദ്യം ചെയ്തതിന് വാഹനം അടിച്ചു തകർത്ത രീതി ശരിയല്ല. യൂത്ത് കോൺഗ്രസിന് ഫാസിസ്റ്റ് സമീപനമാണെന്നും ജോജുവിന്‍റെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഡിവൈഎഫ്ഐ തയാറാണെന്നും തൃശൂർ ജില്ലാ സെക്രട്ടറി പി.വി അനൂപ് പറഞ്ഞു. ജോജുവിന്‍റെ വാഹനം അടിച്ചു തകർത്തത് ഉൾപ്പടെയുള്ള കേസിൽ കൂടുതൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് പ്രതി ചേർത്തേക്കുമെന്നാണ് വിവരം. ജോജുവിന്‍റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തുന്നുണ്ട്.
സംഭവ സ്ഥലത്തു നിന്നും ശേഖരിച്ച ചിത്രങ്ങളും ദൃശ്യങ്ങളും താരത്തിന് അയച്ചു നൽകി അക്രമിച്ചവരെ തിരിച്ചറിയാൻ കഴിയുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. അതേസമയം ജോജുവിനെതിരേ മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ പോലീസ് നടപടി തുടങ്ങിയില്ല. പരാതിക്കാരുടെ മൊഴി പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പോലീസ് ഏകപക്ഷീയമായി പ്രവർത്തിച്ചാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് എറണാകുളം ഡിസിസി അറിയിച്ചിട്ടുണ്ട്.