കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ മൂന്ന് വനിതാ കർഷകർ ട്രക്ക് ഇടിച്ച് മരിച്ചു

ന്യൂഡൽഹി: ഹരിയാനയിൽ മൂന്ന് വനിതാ കർഷകർ ട്രക്ക് ഇടിച്ച് മരിച്ചു. ബഹദൂർഘട്ടിലാണ് സംഭവം. തിക്രിയിൽ കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.30നാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ കാത്തുനിൽക്കുകയായിരുന്ന സ്ത്രീകൾക്കു നേരെ ട്രക്ക് പാഞ്ഞു കയറുകയായിരുന്നു. പഞ്ചാബിലെ മൻസ ജില്ലയിൽനിന്നുള്ള സ്ത്രീകളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
അപകടമുണ്ടായതിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നയത്തിനെതിരേ ഡൽഹുടെ അതിർത്തി പ്രദേശമായ തിക്രിയിൽ കഴിഞ്ഞ 11 മാസമായി കർഷക സമരം തുടരുകയാണ്.