കേന്ദ്ര വാക്‌സിൻ നയത്തിനെതിരെ സുപ്രിംകോടതി


ന്യൂഡൽഹി: കേന്ദ്ര സർ‍ക്കാരിന്റെ വാക്‌സിൻ നയം പ്രഥമദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതെന്ന് സുപ്രിംകോടതി. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ‍ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് പരാമർ‍ശം. കേന്ദ്രം വാക്‌സിൻ വിലയിലും ലഭ്യതയിലും പുനഃപരിശോധന നടത്തി മെയ് പത്തിന് മുന്‍പ് നിലപാട് അറിയിക്കണം.

രാജ്യത്ത് അടിയന്തര ഘട്ടത്തിൽ‍ ഉപയോഗിക്കാനുള്ള ഓക്‌സിജൻ ശേഖരം അടുത്ത നാല് ദിവസത്തിനകം ഉത്പാദിപ്പിക്കണമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഭരണഘടന പൗരന്മാർ‍ക്ക് ഉറപ്പ് നൽ‍കുന്ന തുല്യത, ജീവിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട വിഷയമെന്ന് ബെഞ്ച് വ്യക്തമാക്കി. നൂറ് ശതമാനം വാക്‌സിൻ ഡോസുകളും വാങ്ങുന്നതിലും, വാക്‌സിൻ വിലയിലും യുക്തിയിൽ‍ അധിഷ്ഠിതമായ സമീപനം കേന്ദ്ര സർ‍ക്കാരിൽ‍ നിന്നുണ്ടാകണം. കേന്ദ്രം വാക്‌സിൻ നയം പുനഃപരിശോധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ബെഞ്ച്.

തിരിച്ചറിയൽ‍ രേഖയില്ല എന്നതിന്റെ പേരിൽ‍ ആശുപത്രി പ്രവേശനമോ, അവശ്യ മരുന്നുകളോ നിഷേധിക്കാൻ പാടില്ല. ആശുപത്രി പ്രവേശനത്തിൽ‍ കേന്ദ്ര സർ‍ക്കാർ‍ രണ്ടാഴ്ചയ്ക്കകം നയം രൂപീകരിക്കണം. കേന്ദ്ര നയം സംസ്ഥാനങ്ങൾ‍ പാലിക്കണമെന്നും കോടതി നിർ‍ദേശം നൽ‍കി. സാമൂഹ മാധ്യമങ്ങളിൽ‍ വിവരങ്ങൾ‍ പങ്കുവയ്ക്കുന്നവർ‍ക്കെതിരെ നിയമ നടപടി പാടില്ല. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കേന്ദ്ര−സംസ്ഥാന സർ‍ക്കാരുകൾ‍ നിർ‍ദേശം നൽ‍കണം. രോഗവ്യാപനം പിടിച്ചുനിർ‍ത്താൻ ലോക്ക് ഡൗൺ ഏർ‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നും, വലിയ കൂട്ടായ്മകൾ‍ അടക്കം വിലക്കണമെന്നും സുപ്രിംകോടതി നിർ‍ദേശം നൽ‍കി.

You might also like

  • Straight Forward

Most Viewed