കുംഭമേള ചുരുക്കണം, പ്രതീകാത്മക ചടങ്ങുകൾ മതിയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യം കൊവിഡ് തരംഗത്തിന്‍റെ രണ്ടാംഘട്ടത്തിൽ വിറങ്ങലിച്ച് നിൽക്കവേ, ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള നടത്തുന്ന സന്യാസിമഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മഠങ്ങളിലൊന്നായ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. ഇത്തവണ കുംഭമേള പ്രതീകാത്മകമായി മാത്രം നടത്തിയാൽ മതിയെന്നും, രണ്ട് ഷാഹി സ്നാനുകൾ അവസാനിച്ച സാഹചര്യത്തിൽ ഇനി ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യർത്ഥിച്ചു. മോദിയുടെ അഭ്യർത്ഥന സ്വീകരിക്കുന്നതായി സ്വാമി അവധേശാനന്ദ് ഗിരിയും പ്രതികരിച്ചിട്ടുണ്ട്.

