ശ്രുതി ഹാസനെതിരെ പരാതിയുമായി ബിജെപി
ചെന്നൈ : മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ പരാതി നൽകി ബിജെപി. പോളിംഗ് ബൂത്തിൽ അനധികൃതമായി പ്രവേശിച്ചതിനെതിരെയാണ് പരാതി. ബിജെപി ദേശീയ വനിതാ നേതാവും കോയന്പത്തൂർ സൗത്തിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥിയുമായ വാനതി ശ്രീനിവാസന് വേണ്ടി ബിജെപി ജില്ലാ പ്രസിഡൻറ് നന്ദകുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം കമൽ ഹാസനും മകൾ ശ്രുതി ഹാസനും കോയന്പത്തൂർ സൗത്തിലെ ബൂത്തിലേയ്ക്ക് പോകുകയായിരുന്നു. കോയന്പത്തൂർ സൗത്തിൽ നിന്നാണ് കമൽ ഹാസൻ ജനവിധി തേടുന്നത്. തുടർന്ന് കമൽ ഹാസനൊപ്പം ശ്രുതി ഹാസൻ പോളിംഗ് ബൂത്തിൽ അനധികൃതമായി പ്രവേശിച്ചതായി ബിജെപി ആരോപിച്ചു.
ബൂത്ത് ഏജന്റുകൾ ഒഴികെ മറ്റാർക്കും പോളിംഗ് ബൂത്തുകളിൽ പ്രവേശിക്കാൻ അധികാരമില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ശ്രുതി ഹാസെനതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണം എന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ കത്തിൽ പറഞ്ഞിരിക്കുന്നത്.

