ഏപ്രിൽ 21ന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ


കൊച്ചി: കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുന്പ് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 21നാണ് മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത്. ഇതിനുമുന്പ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്നാണ് കമ്മീഷൻ ഹൈക്കോടതിക്ക് ഉറപ്പ് നൽകിയത്. കമ്മീഷന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള കാരണം അറിയിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. ഹർജികൾ മറ്റന്നാൾ വീണ്ടും പരിഗണിക്കും. ഏപ്രിൽ 12ന് നടത്താനിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചത് എന്തിനാണെന്ന കാര്യത്തിൽ വ്യക്തത നൽകാൻ കമ്മീഷന് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയത്.

അതേസമയം വിജ്ഞാപനം വന്ന് 19 ദിവസങ്ങൾക്ക് ശേഷമേ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുകയുള്ളു. ഏപ്രിൽ 21ന് തൊട്ടുമുന്പുള്ള ദിവസമാണ് വിജ്ഞാപനം വരുന്നതെങ്കിൽ 19 ദിവസം കഴിഞ്ഞ് മാത്രമേ നിയമസഭയിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന് കഴിയു. മേയ് രണ്ടിനാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. അതിനാൽ നിലവിലെ നിയമസഭാ അംഗങ്ങൾക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സാധിച്ചേക്കില്ല. ഇക്കാര്യമാണ് സംസ്ഥാന സർക്കാരും നിയമസഭാ സെക്രട്ടേറിയേറ്റും പ്രധാനമായും കോടതിയിൽ ചൂണ്ടിക്കാണിച്ചത്.

നിലവിലെ സാഹചര്യത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാൻ സാധിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed