പ്രധാനമന്ത്രി നാളെ കേരളത്തിൽ


കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് കൊച്ചിയിലെത്തുന്നത്. ബി.ജെ.പി കോർകമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തേക്കും. ചെന്നൈയിലെ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഔദ്യോഗിക പരിപാടികൾ ക്രമീകരിച്ചിട്ടുള്ള അന്പലമുകൾ വി.എച്ച്.എസ്.ഇ സ്‌കൂൾ ഗ്രൗണ്ടിലേക്ക് പോകും.

6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയിൽ നടപ്പാക്കുന്ന പ്രൊപ്പലീൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ പ്രോജക്ട്, എറണാകുളം വാർഫിൽ 25.72 കോടി ചെലവിൽ കൊച്ചി തുറമുഖ ട്രസ്റ്റ് നിർമിച്ച അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ, ഷിപ്പിയാർഡ് പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ കാന്പസിലെ പുതിയ മന്ദിരം, കൊച്ചി തുറമുഖത്ത് നവീകരിച്ച കോൾ ബെർത്ത് എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.

കൊറോണ വ്യാപനം കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം. വൈകിട്ട് 5.55ന് അദ്ദേഹം തിരികെ പോകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം എന്നതാണ് സന്ദർശനത്തിന്റെ പ്രധാന സവിശേഷത.

You might also like

  • Lulu Exchange
  • Straight Forward

Most Viewed