ഇന്ധനവില വർദ്ധന; കേന്ദ്ര− സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കണമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: പെട്രോൾ വില കേരളത്തിൽ 90 രൂപയും ഡീസൽ വില 85 രൂപയും കവിഞ്ഞ് മുന്നേറുന്പോൾ, നട്ടംതിരിയുന്ന ജനങ്ങൾക്ക് കേന്ദ്ര− സംസ്ഥാന സർക്കാരുകൾ ചെറിയൊരു ഇളവുപോലും നൽകുന്നില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കഴിഞ്ഞ യുഡിഎഫ് സർക്കാർ വർദ്ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സർക്കാർ സബ്‌സിഡി നൽകിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. ഇതു മാതൃകയാക്കി കേന്ദ്ര−സംസ്ഥാന സർക്കാരുകൾ ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകണം.
അന്താരാഷ്ട്രവിപണിയിൽ യുപിഎയുടെ കാലത്ത് ക്രൂഡോയിൽ ബാരലിന് 150 ഡോളർ വരെയായിരുന്നെങ്കിൽ ഇപ്പോഴത് 60 ഡോളറാണ്. അന്താരാഷ്ട്രവിപണിയിലെ വിലയല്ല ഇന്ധന വില നിശ്ചയിക്കുന്നതെന്നു വ്യക്തം.
കേന്ദ്ര− സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നികുതിയാണ് യഥാർത്ഥ വില്ലൻ. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കിൽ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്. ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കിൽ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08 രൂപയുമാണ്. രണ്ടു നികുതികളും കൂടി ചേർന്നാൽ അടിസ്ഥാന വിലയുടെ ഇരട്ടിയോളമാകും. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നികുതി നിരക്കാണിത്. 2014ൽ പെട്രോളിന് കേന്ദ്ര നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നതാണ് ഇപ്പോൾ പതിന്മടങ്ങായി ഉയർന്നത്.
പാചക വാതക വില 726 രൂപയായി കുതിച്ചുയർന്നു. ഈ മാസം ഒറ്റയടിക്ക് കൂട്ടിയത് 25 രൂപ. നേരത്തെ നൽകിയിരുന്ന സബ്‌സിഡി നിർത്തലാക്കി. പെട്രോൾ 2.50 രൂപയും ഡീസലിന് 4 രൂപയും കാർഷിക സെസ് ചുമത്തിയെങ്കിലും കേരളത്തിലെ കർഷകർക്ക് കാര്യമായ പ്രയോജനമില്ല. ഉത്തരേന്ത്യന്‍ കർഷകർക്കാണ് കുറച്ചെങ്കിലും പ്രയോജനമുള്ളത്.
ഇന്ധനവില വർദ്ധന വൻ വിലക്കയറ്റമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. യുപിഎയുടെയും യുഡിഎഫിന്റെയും ഭരണകാലത്ത് കാളവണ്ടി കയറിയവരെയും നടുറോഡിൽ അടുക്കള കൂട്ടിയവരെയും ഇപ്പോൾ കാണാനില്ല. കോവിഡ് മൂലം നട്ടംതിരിയുന്ന ജനങ്ങൾക്ക് കേന്ദ്ര− സംസ്ഥാന സർക്കാരുകൾ നികുതിയെങ്കിലും കുറച്ച് സമാശ്വാസം എത്തിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.