അതിർത്തിയിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ

ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയെന്ന് റിപ്പോർട്ട്. മൂന്ന് ദിവസം മുൻപ് ഇന്തോ−ടിബറ്റൻ അതിർത്തി പ്രദേശമായ സിക്കിമിലെ നകുലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്നാണ് സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സംഭവത്തിൽ ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. പെട്രോളിംഗിനിടെ അതിർത്തിയിൽ കടന്നുകയറിയ ചൈനീസ് സൈന്യത്തെ ഇന്ത്യൻ സേന പ്രതിരോധിച്ചപ്പോഴാണ് സംഘർഷമുണ്ടായത്.
20 ചൈനീസ് സൈനികർക്കും നാല് ഇന്ത്യൻ സൈനികർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അതിർത്തി തർക്കവും സൈനിക നീക്കവും സംബന്ധിച്ച വിഷയങ്ങളിൽ ഞായറാഴ്ചയും ഇന്ത്യ−ചൈന ചർച്ചകൾ നടന്നതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ വിവരം പുറത്തറിയുന്നത്. അതിർത്തി പ്രദേശങ്ങളിലെ സൈനിക നീക്കം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഞായറാഴ്ച നടന്ന സൈനികതല ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. 11 മണിക്കൂർ ചർച്ച നീണ്ടെങ്കിലും ഇന്ത്യയുടെ ആവശ്യങ്ങൾ ചൈന അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ട്.