കള്ളപ്പണക്കേസിൽ എം. ശിവശങ്കറിന് ജാമ്യം

കൊച്ചി: സ്വർണകള്ളക്കടത്തു സംബന്ധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം ലഭിച്ചു. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡോളർ കടത്തുകേസിൽ കൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് പുറത്തിറങ്ങാം. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കർ.
സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്. കള്ളപ്പണം വെളുപ്പിച്ചതിന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കേസ് എടുത്തിരുന്നു. സ്വർണകള്ളക്കടത്തിനും ഡോളർ കടത്തിനും കസ്റ്റംസ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. സ്വർണക്കടത്ത് കേസിൽ ഇന്ന് രാവിലെ എം. ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ജാമ്യം ലഭിച്ചത്. ഇഡി രജിസ്റ്റർ കേസുമായി നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.