ഇന്ത്യയില്‍ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,981 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 96,77,203 ആയി. 3,96,729 രോഗികളാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 39,109 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ 91,39,901 പേർ രോഗ മുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത മരണ നിരക്കിലും കുറവുണ്ടായിട്ടുണ്ട്. 391 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണങ്ങൾ 1,40,573 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് കൊറോണ മരണ നിരക്കിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലുമുള്ള കുറവ് ആശ്വാസമാണ്. അതേസമയം കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ കണക്കുകൾ ആശങ്ക ഉയർത്തുന്നതാണ്.
24 മണിക്കൂറിനിടെ 8,01,081 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 14,77,87,656 ആയി ഉയർന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. പതിനെട്ടരലക്ഷം കടന്നു രോഗബാധിതരുടെ എണ്ണം.

