രണ്ട് ഡോസിന് 1000 രൂപ!!! കോവിഡ് വാക്സിൻ ഏപ്രിലില്‍ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ


ന്യൂഡൽഹി: അസ്ട്രാസെനകയുമായി ചേർന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സീൻ 2021 ഫെബ്രുവരി മുതൽ ഇന്ത്യയിൽ ലഭ്യമാക്കുമെന്നു ഇന്ത്യയിലെ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പുനെവാല. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വയോധികര്‍ക്കുമാകും മുൻഗണന. 2021 ഏപ്രില്‍ മുതലാകും പൊതുജനങ്ങൾക്ക് ലഭ്യമാകുക. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റ് 2020ൽ സംസാരിക്കുമ്പോഴാണ് അദർ പുനെവാലയുടെ പ്രഖ്യാപനം. അന്തിമ പരീക്ഷണങ്ങൾക്കും അനുമതിക്കും ശേഷമാകും നടപടി. 

2024 ഓടെ പൂർണമായും ഇന്ത്യയിലെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരിയിൽ 10 കോടി ഡോസ് നിർമിക്കാനാണ് നീക്കം. ജൂലൈ ആകുമ്പോഴേക്കും 40 കോടി ഡോസ് ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. പരമാവധി ലഭ്യമാക്കും. ഒരാൾക്ക് ആവശ്യമായ രണ്ട് ഡോസ് വാക്സിൻ പരമാവധി ആയിരം രൂപയ്ക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വാക്സിൻ വൻതോതിൽ വാങ്ങുന്നതിനാൽ പിന്നീട് 3–4 ഡോളറിന് നൽകാൻ കഴിഞ്ഞേക്കും. കുട്ടികള്‍ക്കുള്ള വാക്സിനുള്ള കാത്തിരിപ്പ് നീളും. കുട്ടികളിൽ യാതൊരു തരത്തിലും പ്രതികൂലമായി പ്രവർത്തിക്കില്ലെന്നു ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമാകും വാക്സിൻ ലഭ്യമാക്കുകയെന്നും അദർ പുനെവാല പറഞ്ഞു.
അതേസമയം ഓക്സ്ഫഡ് വാക്സിൻ മുതിർന്നവരിൽ 99 ശതമാനം വിജയമെന്നു വ്യക്തമാക്കുന്ന രണ്ടാംഘട്ട പരീക്ഷണഫലവും പുറത്തുവന്നു. 60 വയസ്സിനു മുകളിലുള്ളവരിൽ നടത്തിയ പരീക്ഷണത്തിന്റെ വിശദമായ ഫലം ശാസ്ത്ര പ്രസിദ്ധീകരണമായ ലാൻസെറ്റിലൂടെയാണ് പുറത്തുവിട്ടത്. 60 വയസിനും 70 വയസിനും മുകളിലുള്ള 560 പേരിലാണ് രണ്ടാംഘട്ട പരീക്ഷണം നടത്തിയത്.
വൈറസിനെ ചെറുത്തുനിൽക്കാനുള്ള ആന്റി ബോഡികൾക്കൊപ്പം രോഗ പ്രതിരോധ ശേഷി കൂടുതൽ കാലം നിലനിർത്തുന്ന ടി കോശങ്ങളും ഉയർന്ന അളവിൽ വാക്‌സീൻ കുത്തിവച്ചവരിൽ കണ്ടെത്തി. 60 വയസിൽ താഴെയുള്ളവരിലെ രണ്ടാം ഘട്ട പരീക്ഷണവും വലിയ വിജയമാണെന്നായിരുന്നു വിലയിരുത്തൽ. ഇവരിലെ അവസാനഘട്ട പരീക്ഷണ ഫലം ആഴ്ചകൾക്കുള്ളിൽ പുറത്തുവരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed