കുതിരയെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച ആഫ്രിക്കൻ തൊഴിലാളി ബഹ്റൈനിൽ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ: നോർത്തേൺ ഗവർണറേറ്റിലെ കുതിര ലായത്തിൽ വെച്ച് കുതിരയെ കത്തികൊണ്ട് കുത്തുകയും മറ്റ് കുതിരകൾക്ക് നേരെ കല്ലെറിയുകയും ചെയ്ത ആഫ്രിക്കൻ സ്വദേശിയായ തൊഴിലാളി അറസ്റ്റിലായി. സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് അറസ്റ്റ്. ബഹ്‌റൈൻ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് ആണ് ഇക്കാര്യം അറിയിച്ചത്.

മറ്റൊരു കുതിരയ്ക്ക് കുത്തേറ്റതായി കണ്ടതിനെ തുടർന്ന് ലായത്തിന്റെ ഉടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ ക്രൂരത വെളിച്ചത്തുവന്നത്. തുടർന്ന് ഹമദ് ടൗൺ റൗണ്ട് എബൗട്ട് 18 പൊലീസിൽ ഉടമ പരാതി നൽകുകയും പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ തുടർന്നുള്ള നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

ദിവസങ്ങൾക്ക് മുൻപ് ഇതേ ലായത്തിൽ ഒരു കുതിരക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തലേന്ന് രാത്രി വരെ ആരോഗ്യത്തോടെയിരുന്ന കുതിരക്കുട്ടി പെട്ടെന്ന് ചത്തതിന്റെ കാരണം വ്യക്തമല്ല. ഈ ഭാഗത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും, ഈ സംഭവത്തിൽ ഇയാൾക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുതിര ലായങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ബിഎസ്പിസിഎ ചെയർമാൻ മഹമൂദ് ഫറജ് ഉടമകളോട് അഭ്യർത്ഥിച്ചു.

article-image

dfsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed