ലൈസൻസില്ലാത്ത യാത്രാസേവനം: നിയമനടപടികൾ ശക്തമാക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്
പ്രദീപ് പുറവങ്കര
മനാമ — ബഹ്‌റൈനിൽ ആവശ്യമായ ലൈസൻസുകളില്ലാതെ പണം ഈടാക്കി നിയമവിരുദ്ധമായി നടത്തുന്ന യാത്രാസേവനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഗതാഗത, വാർത്താവിനിമയ മന്ത്രാലയവുമായി ചേർന്നാണ് പരിശോധനകളും നിയമ നിർവ്വഹണ കാമ്പെയ്‌നുകളും ശക്തമായി തുടരുന്നത്.
അംഗീകൃത ലൈസൻസില്ലാതെ യാത്രാസേവനം നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഫീൽഡ് തലത്തിൽ നടത്തുന്ന പരിശോധനകളിൽ പിടിക്കപ്പെടുന്നവർക്കെതിരെ രാജ്യത്ത് നിലവിലുള്ള നിയമപ്രകാരമുള്ള കടുത്ത ശിക്ഷാനടപടികൾ ഉറപ്പാക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പൊതുഗതാഗത രംഗത്തെ ക്രമീകരിക്കാനും യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
പണം ഈടാക്കിയുള്ള യാത്രാസേവനങ്ങളിൽ ഏർപ്പെടുന്നതിന് മുൻപ് നിർബന്ധമായും ബന്ധപ്പെട്ട അധികൃതരിൽ നിന്നും ആവശ്യമായ ലൈസൻസുകളും അനുമതിപത്രങ്ങളും സ്വന്തമാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓർമ്മിപ്പിച്ചു. നിരീക്ഷണം വരും ദിവസങ്ങളിലും കൂടുതൽ ഊർജ്ജിതമാക്കുമെന്നും നിയമലംഘകർക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നിയമനടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
aASDSADSDS

