വേനൽക്കാലത്തെ ഉയർന്ന വൈദ്യുതി ബില്ലുകൾ: പൗരന്മാർക്ക് ആശ്വാസ പദ്ധതി നിർദ്ദേശിച്ച് ബഹ്‌റൈൻ എം.പി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ വേനൽക്കാലത്ത് എയർ കണ്ടീഷണറുകളുടെ ഉപയോഗം വർദ്ധിക്കുന്നത് മൂലം പൗരന്മാർക്ക് നേരിടേണ്ടി വരുന്ന ഉയർന്ന വൈദ്യുതി ബിൽ ഭാരം കുറയ്ക്കാൻ നടപടി വേണമെന്ന് എം.പി ഹസൻ ഇബ്രാഹിം ഹസൻ പാർലമെന്റിൽ ആവശ്യപ്പെട്ടു. വേനലിൽ സാമ്പത്തിക ആശ്വാസം നൽകുന്നതിനൊപ്പം സൗരോർജ്ജ ഉപയോഗവും ഊർജ്ജക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.

കടുത്ത വേനൽ ചൂട് കാരണം എയർ കണ്ടീഷനിംഗ് ഒരു അനാഡംബരമല്ല, മറിച്ച് അത്യാവശ്യ ഘടകമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വീടുകളിലെ വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിപ്പിക്കുന്നു. അതിനാൽ സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി പ്രായോഗിക നടപടികൾ സ്വീകരിക്കണം. ദീർഘകാല പരിഹാരമായി സോളാർ ഊർജ്ജവും കാര്യക്ഷമതയേറിയ ഇലക്ട്രോണിക് ഉപകരണങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേനൽക്കാലത്തെ ബില്ലുകൾ ഏറ്റവുമധികം ബാധിക്കുന്ന വിഭാഗങ്ങളെ കണ്ടെത്തി അവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സമഗ്ര പഠനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ വൈദ്യുതി, ജല സഹായ പദ്ധതികളുടെ വികസനം കൂടുതൽ പഠനങ്ങൾക്കായി മാറ്റിവെച്ചതായി ഡിസംബറിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. സ്വദേശികളുടെ പ്രധാന വസതികളിലെ ഒന്നാം, രണ്ടാം സ്ലാബുകളിലെ നിരക്കുകളിൽ മാറ്റമില്ലെന്നും, എന്നാൽ സബ്‌സിഡിയില്ലാത്ത വിഭാഗങ്ങളുടെ നിരക്ക് 2026 ജനുവരി മുതൽ കിലോവാട്ട് അവറിന് 29 ഫിൽസിൽ നിന്ന് 32 ഫിൽസായി ഉയർത്തിയെന്നും സർക്കാർ സ്ഥിരീകരിച്ചിരുന്നു. എം.പിയുടെ ഈ പുതിയ നിർദ്ദേശം പാർലമെന്റിന്റെ അംഗീകാരത്തിന് ശേഷം സർക്കാരിന്റെ തീരുമാനത്തിനായി സമർപ്പിക്കും.

article-image

asadsasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed