രാജ്യത്ത് 8.7 കോടി യുവാക്കൾ പഠനവും തൊഴിലുമില്ലാതെ പ്രതിസന്ധിയിൽ : നീതി ആയോഗ് റിപ്പോർട്ട്


ശാരിക

ന്യൂഡൽഹി: രാജ്യത്ത് 15നും 29നും ഇടയിൽ പ്രായമുള്ള 8.7 കോടിയോളം യുവാക്കൾ പഠനത്തിലോ തൊഴിലിലോ യാതൊരുവിധ നൈപുണ്യ പരിശീലനത്തിലോ ഏർപ്പെടുന്നില്ലെന്ന് നീതി ആയോഗ് വ്യക്തമാക്കുന്നു. 'വികസിത് ഭാരത്@2047നായി നൈപുണ്യ വികസനം പുനർനിർവചിക്കൽ' (Reimagining Skilling for Viksit Bharat@2047) എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് രാജ്യത്തെ തൊഴിലില്ലായ്മയുടെയും നൈപുണ്യക്കുറവിന്റെയും വലിയ വ്യാപ്തി ചൂണ്ടിക്കാണിക്കുന്നത്. 2021-ൽ നടപ്പാക്കിയ നാഷണൽ സാമ്പിൾ സർവേയുടെ (എൻ.എസ്.എസ്) 78-ാം ഘട്ട വിവരശേഖരണം അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൾ സമാഹരിച്ചിട്ടുള്ളത്. വിദ്യാഭ്യാസം, തൊഴിൽ, പരിശീലനം എന്നിവയിലൊന്നിലും ഉൾപ്പെടാത്ത ഇത്തരം യുവാക്കളെ 'നീറ്റ്' (NEET - Not in Education, Employment, or Training) വിഭാഗമായാണ് റിപ്പോർട്ടിൽ വർഗീകരിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും മുൻകാല വിദ്യാഭ്യാസത്തിനായി ചെലവായ വലിയ തുകയുമാണ് യുവാക്കളെ കൂടുതൽ പരിശീലനങ്ങൾ നേടുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. കോളജ് പഠനത്തിനും ട്യൂഷനുകൾക്കുമായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നതിനാൽ, സാധാരണ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബിരുദ പഠനത്തോടൊപ്പം പണം നൽകി നൈപുണ്യ പരിശീലനം നേടുക എന്നത് അസാധ്യമായി മാറുന്നു.

ഇതുമൂലം ബിരുദം പൂർത്തിയാക്കുന്ന ഭൂരിഭാഗം പേരും കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ കുറഞ്ഞ വേതനം ലഭിക്കുന്ന ജോലികളിൽ പ്രവേശിക്കാൻ നിർബന്ധിതരാവുകയാണ് ചെയ്യുന്നത്. മറ്റുള്ളവരാകട്ടെ, അനുയോജ്യമായ തൊഴിൽ കണ്ടെത്താനാകാതെ തൊഴിലില്ലാത്തവരുടെ പട്ടികയിലേക്ക് തള്ളപ്പെടുന്നു. പഠിച്ചിറങ്ങുന്ന ബിരുദധാരികളിൽ 8.25 ശതമാനം പേർക്ക് മാത്രമാണ് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായ തൊഴിൽ ലഭിക്കുന്നത് എന്നത് ഏറെ ഗുരുതരമായ സാഹചര്യത്തെയാണ് വെളിപ്പെടുത്തുന്നത്. പ്രായോഗിക പരിശീലനത്തിന്റെ കുറവും മാറുന്ന വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ രീതിയിലുള്ള കോഴ്‌സുകളുടെ അഭാവവുമാണ് ബിരുദധാരികൾക്ക് തൊഴിൽ ലഭിക്കുന്നതിന് പ്രധാന തടസ്സമായി നിൽക്കുന്നത്.

സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശികവും പുതിയതുമായ തൊഴിൽ സാധ്യതകൾക്കനുസരിച്ച് യുവാക്കളെ സജ്ജരാക്കുന്നതിനും സബ്‌സിഡിയോടു കൂടിയ നൈപുണ്യ പരിശീലന പദ്ധതികൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് നീതി ആയോഗ് ശിപാർശ ചെയ്യുന്നു. യുവാക്കൾക്കും വനിതകൾക്കും താങ്ങാനാവുന്നതോ സബ്‌സിഡിയോടു കൂടിയതോ ആയ പരിശീലനത്തിനൊപ്പം ആവശ്യമായ സാമ്പത്തിക സഹായവും ഉറപ്പാക്കേണ്ടതുണ്ട്. പഠനത്തോടൊപ്പം സമ്പാദ്യവും സാധ്യമാകുന്ന രീതിയിലുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. 2014-15 മുതൽ ഇതുവരെ 7.67 കോടിയിലധികം ആളുകൾക്ക് വിവിധ പദ്ധതികൾ വഴി നൈപുണ്യ പരിശീലനം നൽകിയിട്ടുണ്ടെന്നും, 'വികസിത് ഭാരത് 2047' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് യുവാക്കളെ നിരന്തരം പഠിക്കാനും സമ്പാദിക്കാനും പ്രാപ്തരാക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.

article-image

േ്ീ്േു

You might also like

  • Lulu Exchange
  • Straight Forward

Most Viewed