വീടുകളിൽ തീപിടുത്തം ഒഴിവാക്കാൻ സുരക്ഷാ നിർദ്ദേശങ്ങളുമായി ബഹ്റൈൻ സിവിൽ ഡിഫൻസ്
പ്രദീപ് പുറവങ്കര
മനാമ: ഗാർഹിക തീപിടുത്തങ്ങൾ തടയുന്നതിനും വൻ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുമായി വീടുകളിൽ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു. അപകട മുന്നറിയിപ്പ് വേഗത്തിൽ ലഭിക്കുന്നതിനായി വീടുകളിൽ പുക, ഗ്യാസ് ഡിറ്റക്ടറുകൾ (Smoke & Gas Detectors) സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം അതോറിറ്റി ചൂണ്ടിക്കാട്ടി. രാത്രികാലങ്ങളിൽ ഉറക്കത്തിലായിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഇവ ഏറെ സഹായകമാണ്. വൈദ്യുതി തടസ്സപ്പെടുമ്പോഴും പ്രവർത്തിക്കുന്ന ബാറ്ററിയുള്ള ഡിറ്റക്ടറുകൾ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്.
അടിയന്തിര സാഹചര്യങ്ങളിൽ പുറത്തുകടക്കാനുള്ള വഴികളിൽ തടസ്സങ്ങൾ ഉണ്ടാക്കരുത്. ഉള്ളിൽ നിന്ന് തുറക്കാൻ കഴിയാത്ത രീതിയിലുള്ള ജനൽ ഗ്രില്ലുകൾ സ്ഥാപിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അടുക്കളകളിൽ അനുയോജ്യമായ ഫയർ എക്സ്റ്റിംഗുഷറുകൾ സൂക്ഷിക്കുകയും, ഇവ കൃത്യസമയത്ത് പരിശോധിക്കുകയും വേണം. കൂടാതെ കുടുംബാംഗങ്ങൾ ഇത് ഉപയോഗിക്കാൻ പഠിച്ചിരിക്കേണ്ടതും അത്യാവശ്യമാണ്.
ഇലക്ട്രിക് വയറിംഗുകളും ഉപകരണങ്ങളും കൃത്യമായി പരിശോധിക്കാനും ഓട്ടോമാറ്റിക് സർക്യൂട്ട് ബ്രേക്കറുകൾ ഉപയോഗിക്കാനും സിവിൽ ഡിഫൻസ് നിർദ്ദേശിക്കുന്നു. ഉപയോഗശേഷം ഗ്യാസ് സിലിണ്ടറുകൾ അടയ്ക്കുകയും, സിഗരറ്റ്, ഷീഷ എന്നിവ പൂർണ്ണമായും അണച്ചെന്ന് ഉറപ്പാക്കുകയും വേണം. കത്തുന്ന ദ്രാവകങ്ങൾ ചൂടും തീയും ഉള്ള സ്ഥലങ്ങളിൽ നിന്ന് മാറ്റിവെക്കാനും, അടുക്കളയിലും സ്റ്റോർ റൂമുകളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഗ്യാസ് ചോർച്ച സംശയിക്കുന്ന ഇടങ്ങളിൽ തീപ്പെട്ടിയോ പുകവലിയോ പാടില്ല. തീപിടുത്തമുണ്ടായാൽ ജനലുകൾ തുറക്കരുതെന്നും, ഇത് കാറ്റിലൂടെ തീ കൂടുതൽ വേഗത്തിൽ പടരാൻ ഇടയാക്കുമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
sadsadsads

